
ബീജിങ്: ചൈന തങ്ങളുടെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ സൈനിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 2020 മുതൽ നടന്നുവരുന്ന ഈ വിപുലീകരണത്തിന്റെ നിർണ്ണായക വിവരങ്ങളടങ്ങിയ ഉപഗ്രഹ ചിത്രങ്ങളുടെയും മാപ്പുകളുടെയും ഔദ്യോഗിക രേഖകളുടെയും വിവരങ്ങൾ അമേരിക്കൻ വാർത്താ ചാനലായ സിഎൻഎൻ ആണ് പുറത്തുവിട്ടത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) ഏറ്റവും തന്ത്രപ്രധാനമായ യൂണിറ്റുകളിൽ ഒന്നായി മിസൈൽ സേന മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധത്തിന്റെ (Strategic Deterrence) നെടുംതൂണായാണ് ഷി ജിൻപിംഗ് മിസൈൽ യൂണിറ്റിനെ പരിവർത്തനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. 20 ലക്ഷത്തിലധികം സൈനികരുള്ള സായുധ സേനയാണ് ചൈനയ്ക്കുള്ളത്.
ചൈനയുടെ ഈ നീക്കം ആഗോളതലത്തിൽ പുതിയ ആശങ്കകൾക്ക് വഴി തുറന്നിരിക്കുകയാണ്. സൈനിക നിരീക്ഷണത്തിൽ ഇത് ഒരു ‘നിശ്ശബ്ദ വിപ്ലവം’ എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് ഷി ജിൻപിങ് 2012-ൽ അധികാരത്തിൽ വന്നതുമുതൽ ചൈനയുടെ സായുധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ മിസൈൽ വിപുലീകരണം ആധുനികവൽക്കരണത്തിന്റെ അവിഭാജ്യ ഘടകമായാണ് ചൈന വിലയിരുത്തുന്നത്.
ഈ സൈന്യത്തിന്റെ എല്ലാ ശാഖകൾക്കും, അതായത് കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നത് ഈ പുതിയതും വികസിപ്പിച്ചതുമായ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നാണ്. മിസൈലുകളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല ഈ വിപുലീകരണം ലക്ഷ്യമിടുന്നത്. ഏത് സാഹചര്യത്തിലും അവയുടെ ഉത്പാദന വേഗതയും കാര്യക്ഷമതയും നിലനിർത്താൻ കഴിയുന്ന ഒരു സുശക്തമായ വിതരണ ശൃംഖല ഉറപ്പാക്കുക കൂടിയാണ്.
The post ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ആഗോള മിസൈൽ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചതായി റിപ്പോർട്ട് appeared first on Express Kerala.









