
ഡൽഹി: വിമാന യാത്രാ പ്രതിസന്ധിയിൽ നിരവധി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. രാജ്യസഭയിലാണ് ഇൻഡിഗോയ്‌ക്കെതിരെ എടുക്കുന്ന നടപടി മറ്റ് വിമാന കമ്പനികൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
“ഞങ്ങൾക്ക് പൈലറ്റുമാർ, ക്രൂ, യാത്രക്കാർ എന്നിവരെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയർലൈനുകളോടും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇൻഡിഗോ ക്രൂ റോസ്റ്റർ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാർ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങൾ ചെറുതായി കാണുന്നില്ല. കർശനമായ നടപടി എടുക്കും. എല്ലാ എയർലൈനുകൾക്കും ഒരു മുന്നറിയിപ്പായിരിക്കും ആ നടപടി.”
Also Read: ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
നേരത്തെ, എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പാർലമെന്റിൽ വിശദീകരണം നൽകിയത്. രാജ്യത്ത് ഇനിയും വിമാനക്കമ്പനികൾക്ക് സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
രണ്ടാഴ്ചക്കുള്ളിൽ 827 കോടി രൂപ തിരികെ നൽകി
അതേസമയം, വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ യാത്രക്കാർക്ക് റീഫണ്ടായി വലിയ തുക തിരിച്ചുനൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവംബർ 21 മുതൽ ഡിസംബർ ഏഴ് വരെയുള്ള രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിയത് 827 കോടി രൂപയാണ്. ഈ കാലയളവിൽ 9,55,591 ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിൽ ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ മാത്രം റദ്ദാക്കപ്പെട്ട 569 കോടി രൂപയുടെ ടിക്കറ്റുകളുടെ പണം ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകി. റീഫണ്ടിന് പുറമെ, ആകെ 9,000 ബാഗേജുകളിൽ 4,500 എണ്ണവും ഇതിനോടകം യാത്രക്കാർക്ക് നൽകി. ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളിൽ തിരിച്ചുനൽകുമെന്ന് ഇൻഡിഗോ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
The post യാത്രക്കാരെ വലച്ച ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടി; മറ്റ് എയർലൈനുകൾക്ക് മുന്നറിയിപ്പാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി appeared first on Express Kerala.






