
കോഴിക്കോട്: വൻതോതിൽ ചാരായം വാറ്റിയ സംഭവത്തിൽ കോഴിക്കോട് കുരുവട്ടൂർ പയിമ്പ്ര സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പയിമ്പ്ര, പെരുവട്ടിപ്പാറ ഭാഗത്തെ തെക്കേ മണ്ണാറക്കൽ സുനിത്ത് കുമാർ (43) ആണ് എക്സൈസ് പിടിയിലായത്. ഇയാളുടെ വീടിൻ്റെ മുകൾനിലയിൽ ഒളിപ്പിച്ച നിലയിൽ 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെത്തി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചേളന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സിറാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സുനിത്ത് കുമാറിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. വീടിൻ്റെ മുകൾ നിലയിലെ പ്രത്യേക അറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ചാരായം വാറ്റുന്നതിനായി ശേഖരിച്ച വാഷും വിൽപനക്കായി തയ്യാറാക്കിയ ചാരായവും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഷൈജു, കെ ദീപേഷ്, ടി നൗഫൽ, ആർ കെ റഷീദ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
The post കോഴിക്കോട് 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ appeared first on Express Kerala.









