
കൊച്ചി: ശബരിമലയിലെ സ്വർണ്ണ മോഷണ കേസ്സുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ എഫ്.ഐ.ആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.
ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് അന്തിമ തീരുമാനമെടുക്കും. എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിയമം
കേസിലെ കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ.ഡിയുടെ പ്രധാന വാദം. പി.എം.എൽ.എ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും എഫ്.ഐ.ആറിന്റെ പകർപ്പ് അനിവാര്യമാണെന്നും ഇ.ഡി നിലപാടെടുത്തു.
മുൻ അഡ്മിനിസ്ട്രേറ്റർ മുൻകൂർ ജാമ്യത്തിന്
അതിനിടെ, കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുള്ള മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും താൻ നിരപരാധിയാണെന്നുമാണ് ഇദ്ദേഹം ഹർജിയിൽ വാദിക്കുന്നത്. ഈ ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
The post ശബരിമല സ്വർണ്ണ മോഷണ കേസ്; ഇ.ഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് വിട്ടു appeared first on Express Kerala.









