സലാല: ദോഫാറിൽ പുതിയ വന്യജീവി ഉദ്യാനം സ്ഥാപിക്കുമെന്ന് ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് അറിയിച്ചു. വികസനവും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ വൈൽഡ് ലൈഫ് പാർക്ക് സ്ഥാപിക്കുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വന്യജീവി ഉദ്യാനത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2025-2030 കാലയളവിനായുള്ള പുതുക്കിയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അറേബ്യൻ പുള്ളിപ്പുലിയെയും (അറേബ്യൻ ലെപേഡ്സ്) അതിന്റെ സ്വാഭാവിക ഇരകളെയും കുറിച്ച് പഠനം നടത്തുന്നതിനൊപ്പം അറേബ്യൻ ഓറിക്സ്, സാൻഡ് ഗസല്ലെകൾ എന്നിവയെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. അതോടൊപ്പം അധിനിവേശപക്ഷികളെയും സസ്യ ഇനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള നടപടികളും നടപ്പാക്കിവരുന്നു.
നഗരവികസന മേഖലയിൽ, ഭാവിയിലെ സലാല നഗരത്തിനുള്ള വിശദമായ പദ്ധതിയുടെ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് ഗവർണർ സയ്യിദ് മർവാൻ അറിയിച്ചു. അറേബ്യൻ കടൽതീരത്ത് ഏഴ് കിലോമീറ്റർ നീളത്തിൽ പണിയുന്ന ഈ പദ്ധതി 60,000 മുതൽ 65,000 പേർ വരെ താമസിക്കാൻ കഴിയുന്ന 13,000ത്തിലേറെ വീടുകൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ്. സഹൽനുത് വടക്കൻഭാഗത്തുള്ള അൽ ശുരൂഖ് പ്രദേശത്തിന്റെ വികസനവും പുരോഗമിക്കുകയാണ്. ഇത് ഗവർണറേറ്റിലെ ആദ്യ മാതൃക പാർപ്പിടമേഖലയായി മാറും. 428 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സലാല സിറ്റി മാസ്റ്റർ പ്ലാനിന്റെ 95 ശതമാനം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. ഭാവിയിലെ ഭൂവിനിയോഗത്തെ നിയന്ത്രിക്കുന്നതോടൊപ്പം പരിസ്ഥിതി-വികസന സന്തുലനവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ദോഫാറിലെ വിലായത്തുകളിലും പർവതമേഖലകളിലുമായി പരന്നുകിടക്കുന്ന ഒമ്പത് വാദികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പാസ്ചർ റെസ്റ്റിങ് (മേച്ചിൽ നിയന്ത്രണം) പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മൂന്നുവർത്തേക്ക് വർഷംതോറും ഏഴ് മാസം വീതം കന്നുകാലികളുടെ മേച്ചിൽ നിയന്ത്രിക്കും. അമിതമേച്ചിൽ കുറക്കുകയും സസ്യാവരണ പുനരുദ്ധാരണം ലക്ഷ്യമിടുകയും ചെയ്യുന്നതാണ് ഈ പദ്ധതി.
ഭക്ഷ്യസുരക്ഷ മേഖലയിലും വികസനപദ്ധതികൾ പുരോഗമിക്കുന്നതായി ഗവർണർ അറിയിച്ചു. നജ്ദ് മേഖലയിലെ കാർഷിക ഉൽപന്നങ്ങളുടെ ശേഖരണം, ക്രമീകരണം, വിപണനം എന്നിവക്കുള്ള സമഗ്ര കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. തുംറൈത്തിലെ നജ്ദ് അഗ്രികൾച്ചറൽ സിറ്റി, ഫ്രാങ്കിൻസൻസ് റിസർവ് തുടങ്ങിയ പദ്ധതികളും പുരോഗമിക്കുകയാണ്. കൂടാതെ സലാല, താക്ക, റഖ്യൂത്, ദൽകൂത് എന്നിവിടങ്ങളിൽ മഞ്ഞൾ, ഇഞ്ചി, അറബിക്ക കോഫി എന്നിവയുടെ കൃഷി പ്രാദേശികമായി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നെന്ന് ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് പറഞ്ഞു.









