റിയാദ്: ലോക ടൂറിസത്തിന്റെ പുതിയ തലസ്ഥാനം റിയാദായിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് അവകാശപ്പെട്ടത് ഈ കഴിഞ്ഞ ദിവസങ്ങളിലാണ്. അതും 148 രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധികളുടെ മുന്നിൽവെച്ച്. അതാകട്ടെ വെറും പ്രതിനിധികളല്ല. ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങളിൽനിന്നുള്ള 97 ടൂറിസം മന്ത്രിമാർ, 18 ഉപ മന്ത്രിമാർ, 14 അംബാസഡർമാർ, അതിന് പുറമെ 20 ലോക നേതാക്കൾ. യു.എൻ ടൂറിസം ജനറൽ അസംബ്ലിയിൽ വെച്ചായിരുന്നു ഈ പ്രഖ്യാപനം. അതിന് പിന്നാലെ ആത്മവിശ്വാസത്തിനുള്ള കാരണം എന്താണ്? അക്കാര്യമാണ് സൗദി ഇൻ ഫോക്കസിലെ ഈ ലക്കം പരിശോധിക്കുന്നത്.
ഈ നവംബർ മാസത്തിലെ രണ്ടാമത്തെ ആഴ്ച റിയാദ് വേദിയായത് ആഗോള ടൂറിസത്തിന്റെ സുപ്രധാന യോഗങ്ങൾക്കാണ്. യു.എൻ ടൂറിസം ജനറൽ അസംബ്ലിയാണ് ആദ്യം നടന്നത്. അതിന് തൊട്ടുപിന്നാലെ ‘ടൂർസ്’ എന്ന പേരിൽ ടൂറിസം ഉച്ചകോടിക്കും സൗദി തലസ്ഥാനം വേദിയായി. ഒപ്പം തന്നെ ലോക ടൂറിസം സംഘടന എക്സിക്യൂട്ടിവ് കൗൺസിലിന്റെ പ്രധാനപ്പെട്ട യോഗവും റിയാദിൽ ചേർന്നു. അതായത് ലോക ടൂറിസം രംഗത്തെ നേതാക്കളും നയരൂപവത്കരണ കർത്താക്കളുമെല്ലാം റിയാദിൽ ദിവസങ്ങളോളം ഒരുമിച്ചുകൂടുകയായിരുന്നു.
അതായത് ലോക ടൂറിസത്തിന്റെ തലസ്ഥാനമായി റിയാദ് മാറിയ ദിനങ്ങളാണ് കടന്നുപോയത്. എന്നാൽ അവിടംകൊണ്ട് സൗദി ടൂറിസം മന്ത്രി പറഞ്ഞ് അവസാനിപ്പിച്ചില്ല. ആഗോള ടൂറിസത്തിന്റെ അടുത്ത 50 വർഷത്തെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ സൗദി അറേബ്യക്ക് നിർണായക റോളുണ്ടെന്ന് കൂടി സൗദി മന്ത്രി കൂട്ടിച്ചേർത്തു. തൊട്ടുടനെ ലോകത്തെങ്ങുംനിന്നുള്ള ആളുകൾക്ക് നിമിഷങ്ങൾക്കുള്ളിൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ഓൺലൈനായി അനുവദിക്കുന്ന സംരംഭത്തിന് തുടക്കംകുറിക്കുകയും ചെയ്തു. അതായത് കേവലം ഒരാഴ്ച നീണ്ടുനിന്ന ടൂറിസം യോഗങ്ങൾക്ക് വേദിയാവുക മാത്രമല്ല, ലോക ടൂറിസത്തിന്റെ ഭാവി നിർണയിക്കുന്നതിൽ അടുത്ത 50 വർഷത്തേക്ക് സുപ്രധാന റോളിലേക്ക് കടന്നിരിക്കുക കൂടിയായിരുന്നു സൗദി അറേബ്യ.
25 വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ടൂറിസം എന്നൊരു വാക്ക് പോലും സുപരിചിതമല്ലാതിരുന്ന കാലം. അബഹയും അൽബാഹയും ത്വാഇഫും പോലുള്ള അപൂർവം ചില സ്ഥലങ്ങൾ ഒഴിച്ചുനിർത്തിയാൽ രാജ്യത്ത് കാര്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ടൂറിസത്തിന് സ്വതന്ത്ര മന്ത്രാലയം പോലുമുണ്ടായിരുന്നില്ല. അന്ന് അവധിക്കാലം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമൊക്കെ വിദേശങ്ങളിലാണ് പോയിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഇന്ന് വിദേശ ടൂറിസ്റ്റുകളെ സൗദിയിലേക്ക് കൊണ്ടുവരാനുള്ള കാര്യമായ ശ്രമങ്ങളിലാണ് സൗദി ടൂറിസം അതോറിറ്റി. രാജ്യത്തെങ്ങും ടൂറിസം കേന്ദ്രങ്ങൾ ആകർഷകമായ രീതിയിൽ പടുത്തുയർത്തുകയാണ്. വൻ മുതൽമുടക്കാണ് ആഭ്യന്തര വിനോദസഞ്ചാര രംഗത്ത് നടത്തുന്നത്. പുരാവസ്തു കേന്ദ്രങ്ങളെല്ലാം പുനരുദ്ധരിച്ചും നവീകരിച്ചും ഹെരിറ്റേജ് ടൂറിസത്തിനായി വികസിപ്പിക്കുന്നു.
ചെങ്കടലിൽ നിരവധി ടൂറിസം ഡെസ്റ്റിനേഷനുകൾ പണിയുന്നു. അതിനായി റെഡ് സീ ഇന്റർനാഷനൽ എന്നൊരു കമ്പനി തന്നെ പ്രവർത്തിക്കുന്നു. അവിടുത്തെ പ്രധാന ടൂറിസം പദ്ധതിയായ ‘അമാല’ വിനോദസഞ്ചാര കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യാപിച്ചതും കഴിഞ്ഞയാഴ്ചയാണ്. അതിന് പുറമെ ചെങ്കടലിലെ ശൈബാര ദ്വീപിൽ വരുംമാസങ്ങളിൽ 10 പുതിയ റിസോർട്ടുകൾ തുറക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വളരെ കുറഞ്ഞ വാടക നിരക്കിലുള്ള ഇവ സാധാരണക്കാരായ ടൂറിസ്റ്റുകളെക്കൂടി പരിഗണിക്കാനുള്ള ലക്ഷ്യത്തിെൻറ ഭാഗമാണ്. തബൂക്ക് മേഖലയിൽ പണിയുന്ന ഭാവി നഗരമായ നിയോം ലോകത്തിന്റെ നഗരസങ്കൽപങ്ങളെ മാത്രമല്ല ടൂറിസം ഉൾപ്പടെയുള്ള വിനോദമേഖലയുടെ മൊത്തം കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കുന്നതായിരിക്കും.
കലാകായിക വിനോദങ്ങൾക്കായി റിയാദിൽ നിർമാണം പൂർത്തിയായി വരുന്ന ഖിദ്ദിയ വിനോദ നഗരം ഡിസ്നി ലാൻഡിനെക്കാൾ വലിയ വിനോദ കേന്ദ്രമാകും. സാംസ്കാരിക പൈതൃക വിനോദസഞ്ചാരത്തിനുള്ള പുതിയ ലക്ഷ്യസ്ഥാനമായിരിക്കും റിയാദിൽ തന്നെ നിർമാണത്തിലിരിക്കുന്ന ദറഇയ ഗേറ്റ് പദ്ധതി. നിലവിൽ ലോകശ്രദ്ധയാകർഷിച്ച ഏറ്റവും പ്രധാനപ്പെട്ട ഹെരിറ്റേജ് ടൂറിസം മേഖലയാണ് അൽഉല. അത് യുനെസ്കോയുടെ ലിസ്റ്റിൽപ്പെട്ട ലോക പൈതൃകകേന്ദ്രം കൂടിയാണ്. ഇതിന് പുറമെയാണ് ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുംനിന്ന് വിശ്വാസികളെത്തുന്ന ഹജ്ജ്, ഉംറ തീർഥാടനങ്ങളുടെ സാധ്യതകൾ.
ടൂറിസ്റ്റുകളുടെ വർധിച്ച കണക്ക് പരിശോധിച്ചാൽ അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ്. 2024ൽ സൗദിയിലെത്തിയത് 2.97 കോടി ടൂറിസ്റ്റുകളാണ്. അവർ ഈ രാജ്യത്ത് ചെലവഴിച്ചതാകട്ടെ 168.5 ബില്യൺ റിയാലും. 2030 ആകുമ്പോഴേക്കും ടൂറിസ്റ്റുകളും തീർഥാടകരും മറ്റ് സന്ദർശകരും ഉൾപ്പെടെ പ്രതിവർഷം 10 കോടി ആളുകളെ സൗദിയിലെത്തിക്കുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ 2023ൽ തന്നെ ഇത് ലക്ഷ്യം കണ്ടതിനാൽ ഇപ്പോൾ 15 കോടി ആളുകൾ എന്നതിലേക്ക് ലക്ഷ്യം ഉയർത്തിയിട്ടുണ്ട്. സൗദിയിലെ ടൂറിസം രംഗത്തെ ഈ കുതിച്ചുചാട്ടം മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ലോക ടൂറിസത്തിന്റെ ഭാവി ഇനി സൗദിയുടെ കൈകളിലാണെന്ന് പറഞ്ഞതിൽ ഒരു അതിശയോക്തിക്കും ഇടമില്ല എന്ന് മനസ്സിലാകും.









