മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വാഭാവികമായും അവിടുത്തെ നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. ആ രാജ്യങ്ങളിലെ സാംസ്കാരികവും ചരിത്രപരവുമായ കാര്യങ്ങളിൽ നിന്നും രൂപപ്പെടുത്തിയവയാണ് മിക്ക നിയന്ത്രണങ്ങളും. ഇത്തരത്തിൽ ലോകത്തെ പല ഭാഗത്തും വിചിത്രമെന്ന് തോന്നുന്ന ചില നിയന്ത്രണങ്ങൾ ഉണ്ട്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഓരോ രാജ്യത്തും ഇവ നിർബന്ധമായും പാലിക്കപ്പെടേണ്ടതാണ്.
ചൂയിങ് ഗം പാടില്ല: പൊതു ഇടങ്ങളിലെ വൃത്തിയുടെ ഭാഗമായി സിംഗപ്പൂരിൽ ച്യൂയിങ് ഗം ചവക്കുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾക്കല്ലാതെ സിംഗപ്പൂരിലേക്ക് ഗം കൊണ്ട് വന്നാൽ പിഴ അടക്കണം.
ഹൈ ഹീൽസ് പറ്റില്ല: ഗ്രീസിൽ അക്രോപോളിസ് പോലുള്ള പുരാതന സ്ഥലങ്ങളിൽ ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. പുരാതന ശിലകളും നിർമിതികളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
പ്രാവുകൾക്ക് ഭക്ഷണം കൊടുക്കരുത്: വെനീസിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് അനുവദനീയമാണ്. എന്നാൽ, പിയാസ സാൻ മാർകോ പോലുള്ള സ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതിന് വിലക്കുണ്ട്. പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വിലക്ക്.
വണ്ടിയിൽ ഇന്ധനം തീർന്നാൽ പണി കിട്ടും: ജർമനിയിൽ വാഹനത്തിൽ പെട്രോളില്ലാതെ വഴിയിൽ കുടുങ്ങിയാൽ പിഴ ഈടാക്കും. ഇന്ധനം തീർന്ന വാഹനങ്ങൾ നിർത്തിയിട്ടാലും പിഴ ഈടാക്കുന്നതാണ്.
ബുദ്ധക്കൊപ്പം സെൽഫി പാടില്ല: ശ്രീലങ്കയിൽ ബുദ്ധക്കൊപ്പം സെൽഫി എടുക്കുന്നത് അനാദരവായിട്ടാണ് കണക്കാക്കുന്നത്. അവരുടെ വിശ്വാസ പ്രകാരം ബുദ്ധക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നത് അനാദരവാണ്. അതിനാൽ ബുദ്ധക്കൊപ്പം സെൽഫിയെടുത്താൽ അറസ്റ്റ് മുതൽ നാടുകടത്തൽ വരെ നേരിടേണ്ടി വന്നേക്കാം.
പത്ത് മണിക്ക് ശേഷം ഫ്ലഷ് ചെയ്യാൻ പാടില്ല: സ്വിറ്റ്സർലാന്റിലെ ചില അപ്പാർട്ട്മെന്റുകളിൽ രാത്രി പത്ത് മണിക്ക് ശേഷം ഫ്ലഷ് ചെയ്യാൻ പാടില്ല. രാത്രിയിലെ ശബ്ദമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായുള്ള ഇവ ഔദ്യോഗിക നിയന്ത്രണമല്ലെങ്കിലും മിക്ക കെട്ടിടങ്ങളും പിന്തുടരുന്ന ഒന്നാണ്.
കാമഫ്ലാജ് വസ്ത്രങ്ങൾ പാടില്ല: ബാർബഡോസ്, ജമൈക്ക, സെന്റ് ലൂസിയ തുടങ്ങിയ കരീബിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് സൈനിക വസ്ത്രത്തോട് സാമ്യമുള്ള കാമഫ്ലാജ് വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല. സൈനികരെയും സാധാരണക്കാരെയും തമ്മിൽ മാറിപ്പോകാതിരിക്കാൻ വേണ്ടിയാണിത്.
കറൻസി ചവിട്ടരുത്: രാജാവിന്റെ ചിത്രമടങ്ങിയ തായ്‍ലാൻഡിലെ കറൻസികൾ അബദ്ധത്തിൽ പോലും ചവിട്ടാൻ പാടില്ല. ഇത് കറൻസിയോടുള്ള അപമര്യാദയും നിയമത്തിന് വിരുദ്ധവുമാണ്.
പൊതു ഇടങ്ങളിൽ തുപ്പരുത്: ദുബായിൽ പൊതു ഇടങ്ങളിൽ തുപ്പുക, മാലിന്യം വലിച്ചെറിയുക, മോശം ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയവ ഭീമൻ പിഴകൾക്ക് കാരണമാണ്.









