അങ്ങാടിയിലെ ചായക്കടയിൽനിന്ന് നേരെ കശ്മീരിലേക്ക് വെച്ചുപിടിക്കുന്ന സോളോ ട്രിപ്പും അല്ലാത്ത ട്രിപ്പുമെല്ലാം വൈറൽ ആകുന്ന കാലത്ത് ലോക റെക്കോഡ് തന്നെ അടിച്ചെടുത്ത ഒരു യാത്ര നടന്നു കേരളത്തിൽ. മലപ്പുറം നഗരസഭയാണ് ചരിത്രം സൃഷ്ടിച്ച യാത്രയുടെ പിന്നിൽ ഊർജം നിറച്ചത്.
സെൽഫി സ്റ്റിക്കും ഉയർത്തിപ്പിടിച്ച് നമ്മുടെ യൂത്തന്മാരും യൂത്തികളും സൃഷ്ടിച്ച തരംഗത്തിന് ചെക്ക് പറയാനൊന്നുമല്ലെങ്കിലും ഈ യാത്രക്ക് പകിട്ടേറെയാണ്. അതല്ലെങ്കിലും പഴയതിന് വീര്യം കൂടുമെന്നാണല്ലോ ചൊല്ല്.
3180 വയോജനങ്ങൾ ഒരുമിക്കുമ്പോൾ പിന്നെ ആ യാത്ര എങ്ങനെ റെക്കോഡ് പുസ്തകത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാതിരിക്കും.
‘ഗോൾഡൻ വൈബി’ലെ സുവർണതാരങ്ങൾ
കോട്ടക്കുന്നിലെ നേരിയ തണുപ്പുള്ള കാലാവസ്ഥയിൽ പച്ചയും മഞ്ഞയുമണിഞ്ഞ 3180 വർണക്കുടകൾ വിരിഞ്ഞു. ആ കുടകളുടെ കീഴിലെല്ലാം നിറപുഞ്ചിരി നിറഞ്ഞുനിൽപുണ്ടായിരുന്നു.
മോണ കാട്ടിയും അല്ലാതെയുമുള്ള വയോധികരുടെ സന്തോഷം നിറഞ്ഞ പുഞ്ചിരി. പ്രായത്തിന്റെ അവശതകൾക്ക് അവധി കൊടുത്ത് ഒരു യാത്ര പോകുന്നതിന്റെ ത്രില്ലിലായിരുന്നു എല്ലാവരും.
മലപ്പുറം നഗരസഭയിലെ വയോജനങ്ങളാണ് 83 ബസുകളിലായി ചുരം കയറി വയനാടിന്റെ ഭംഗി ആസ്വദിച്ച് ചരിത്രത്തിലേക്ക് നടന്നുകയറിയത്. 60 മുതൽ 104 വരെ വയസ്സുള്ളവരാണ് ‘ഗോൾഡൻ വൈബ്’ എന്ന് പേരിട്ട യാത്രയുടെ സുവർണതാരങ്ങൾ.

സർവസന്നാഹ യാത്ര
320 വളന്റിയർമാരും മെഡിക്കൽ സംഘവുമായി അഞ്ച് ആംബുലൻസുകളും യാത്രയെ അനുഗമിച്ചു. ഓരോ വാർഡിൽനിന്നും മൂന്നു വളന്റിയർമാർ ഓരോ ബസിലുമുണ്ടായിരുന്നു. ഗതാഗത തടസ്സം ഉണ്ടായാൽ പരിഹരിക്കാൻ ആർമി റിക്രൂട്ട്മെന്റ് പരിശീലന സ്ഥാപനത്തിലെ പഠിതാക്കൾ, ചുരം സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരും യാത്രയെ അനുഗമിച്ചു.
യാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും നഗരസഭ സ്നേഹോപഹാരം നൽകിയിരുന്നു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു യാത്ര.
ചരിത്രത്തിലേക്കുള്ള യാത്ര
രാവിലെ ആറിന് കോട്ടക്കുന്നിൽ 104 വയസ്സുള്ള ആലത്തൂർപടി സ്വദേശി അണ്ടിക്കാടൻ ഹലീമ ഉമ്മയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന സമയം നൽകിയ വർണക്കുടകൾ ഒരേസമയം തുറന്ന് ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു അംഗങ്ങൾ യാത്ര ആരംഭിച്ചത്.
ഏഴരയോടെ അരീക്കോട് പ്രത്യേകം തയാറാക്കിയ രണ്ട് ഓഡിറ്റോറിയങ്ങളിലായിരുന്നു പ്രഭാത ഭക്ഷണം. രാത്രി ഭക്ഷണവും ഇവിടെത്തന്നെ. ഉച്ചക്ക് വയനാട് മുട്ടിൽ എം.ആർ ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണം.
പൂക്കോട് തടാകം, കാരാപ്പുഴ ഡാം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രി പത്തോടെ സംഘം തിരിച്ചെത്തിയപ്പോഴേക്കും അത് ചരിത്രമായിരുന്നു. ‘‘ജീവിതത്തിന്റെ നല്ലൊരു കാലം നാടിനും വീടിനും നന്മകൾ ചെയ്‍തവരെ ചേർത്തുപിടിച്ച യാത്ര ഒന്നുപറയുന്നുണ്ട്, നിങ്ങൾ ഒറ്റക്കല്ല, ഞങ്ങൾ കൂടെയുണ്ട്.’’ -യാത്രക്ക് ചുക്കാൻ പിടിച്ച നഗരസഭാധ്യക്ഷൻ മുജീബ് കാടേരി പറഞ്ഞു.









