
മിലാന്‍: ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തില്‍ 4-1ന് മുട്ടുകുത്തിച്ച് നോര്‍വേ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത നേടി. പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഗോളുകളടിച്ചുകൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന നോര്‍വേ നായകന്‍ എര്‍ലിങ് ഹാളണ്ടിന്റെ പ്രകടനം വരുന്ന ലോകകപ്പിനും ആവേശം പകരുമെന്നുറപ്പായി. യൂറോപ്യന്‍ യോഗ്യതയില്‍ മുന്‍ ജേതാക്കളായ ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പ് ഐയില്‍ ജേതാക്കളായാണ് നോര്‍വേ ലോകകപ്പിന് യോഗ്യത നേടിയത്.
ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തിലാണ് നോര്‍വേ തോല്‍പ്പിച്ചത്. വിഖ്യാതമായ സാന്‍ സിറോ മൈതാനത്ത് ലോക ഫുട്‌ബോളിന്റെ അസൂറിപ്പട മികവോടെ പൊരുതി മികച്ച മുന്നേറ്റങ്ങളും അവസരങ്ങളും എല്ലാം സൃഷ്ടിച്ചു. പക്ഷെ ഗോളുകളുടെ കണക്കില്‍ ജയിച്ചുകയറാന്‍ നിയോഗം നോര്‍വേയ്‌ക്കായിരുന്നു. നാല് തവണ ലോകകിരീടം നേടിയ ഇറ്റലിക്ക് ഇനി മാര്‍ച്ചിലെ പ്ലേഓഫ് മത്സരം വരെ കാത്തിരിക്കണം. അതില്‍ ജയിച്ചെങ്കില്‍ മാത്രമേ അടുത്തവര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ കാളിക്കാന്‍ സാധിക്കൂ.
യൂറോപ്യന്‍ യോഗ്യതയില്‍ ഇറ്റലിയും നോര്‍വേയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഐയിലെ ജേതാക്കളെ നിര്‍ണയിക്കാനുള്ള ഫൈനലിന് സമാനമായ പോരാട്ടമാണ് ഇന്നലെ പുലര്‍ച്ചെ സാന്‍ സിറോയില്‍ നടന്നത്. നോര്‍വേ തീര്‍ത്ത പഴുതടച്ച പ്രതിരോധത്തെ സമര്‍ത്ഥമായി ഭേദിച്ച് ഇറ്റലിയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. 11-ാം മിനിറ്റില്‍ പിയോ എസ്‌പോസിറ്റോ സ്‌കോര്‍ ചെയ്തു. ഏകപക്ഷീയമായ ഈ ഒരൊറ്റ ഗോളില്‍ അസൂറികള്‍ ആദ്യ പകുതി ലീഡ് ചെയ്തു.
രണ്ടാം പുകതിയില്‍ നോര്‍വേ ആക്രമണത്തിന് ഒരല്‍പ്പം മൂര്‍ച്ഛ കൂട്ടി. ഒപ്പം കൗണ്ടര്‍ അറ്റാക്കുകളില്‍ നിന്ന് അതിവേഗം അവസരം തുറന്നെടുക്കാനുള്ള ശ്രമവും നടത്തി. ഇത് രണ്ടും ഫലപ്രദമായി നടപ്പാക്കിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നോര്‍വേയുടെ നേര്‍ക്ക് വേഗത്തില്‍ സംഖ്യകള്‍ മിന്നിമാറിക്കൊണ്ടിരുന്നു. 63-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ആന്റോണിയോ ന്യൂസ ഇറ്റലിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 15 മിനിറ്റുകള്‍ക്ക് ശേഷം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഹാളണ്ടിന്റെ ഇരട്ട ഗോള്‍(നോര്‍വേ 3-1ന് മുന്നില്‍). ഇറ്റാലിയന്‍ പ്രതീക്ഷകള്‍ തകര്‍ന്നു. പിന്നെയൊരു തിരിച്ചുവരവിനുള്ള ഊര്‍ജ്ജം അസൂറികള്‍ക്കുണ്ടായില്ല. ഒടുവില്‍ സ്റ്റോപ്പേജ് സമയത്ത് യോര്‍ഗെന്‍ ലാര്‍സെനിലൂടെ നോര്‍വേ ഒരു ഗോള്‍ കൂടി നേടി.









