
കൊച്ചി: കേരളാ പോലീസിനെ ഞെട്ടിച്ച് ബ്ലാക്ക്‌മെയിലിംഗ് കേസ്. സഹപ്രവർത്തകനായ സിവിൽ പോലീസ് ഓഫീസറെ (സിപിഒ) ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജു തട്ടിയെടുത്തത് നാല് ലക്ഷം രൂപ. സിപിഒ ഒരു സ്പായിൽ പോയതുമായി ബന്ധപ്പെട്ടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സ്പാ സന്ദർശിച്ച ശേഷം മടങ്ങിയ സിപിഒയെ, അവിടത്തെ ജീവനക്കാരി വിളിച്ചു, തന്റെ താലിമാല കാണാതെ പോയെന്ന് അറിയിച്ചു. തുടർന്ന്, മാല മോഷ്ടിച്ചെന്ന് കാണിച്ച് സിപിഒയ്‌ക്കെതിരെ പരാതി ഉയർത്തുകയായിരുന്നു. ഇവിടെയാണ് എസ്ഐ ബിജു ഇടനിലക്കാരനായി ഇടപെടുന്നത്. ഈ വിഷയം വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി. “സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും,” എന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തി. ഈ ഭീഷണിയെ തുടർന്ന്, സിപിഒയിൽ നിന്ന് എസ്ഐ ബിജു നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
Also Read: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ക്രൂരത
കബളിക്കപ്പെട്ടു എന്ന് മനസ്സിലായ സിപിഒ ഉടൻ തന്നെ പാലാരിവട്ടം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും എസ്ഐ ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ എസ്ഐ ബിജുവിനെ കൂടാതെ, സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. എസ്ഐ ബിജുവിനെതിരെ ഉടൻ തന്നെ വകുപ്പ് തല നടപടി ഉണ്ടാകും.
The post ‘സ്പാ’ രഹസ്യം പുറത്തുവിടുമെന്ന് ഭീഷണി; കൊച്ചിയിൽ സിപിഒയെ ബ്ലാക്ക്‌മെയിൽ ചെയ്ത് എസ്ഐ 4 ലക്ഷം തട്ടി appeared first on Express Kerala.









