
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ബിജെപി ലക്ഷ്യമിടുന്നത് 160ൽ അധികം സീറ്റുകളെന്ന് റിപ്പോർട്ട്. ഡൽഹിക്കും ബിഹാറിനും ഒഡീഷയ്ക്കും പിന്നാലെ ബംഗാൾ കൂടി പിടിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലെ വൻ വിജയത്തിനു പിന്നാലെ ‘മിഷൻ ബംഗാളി’ന് ബിജെപി തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.
കോൺഗ്രസിനെതിരെ മുൻപ് പയറ്റിയ കുടുംബ രാഷ്ട്രീയം മമതക്കെതിരെ പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ മിഷൻ ബംഗാളിന്റെ ഭാഗമായി ബിജെപി ഉന്നം വയ്ക്കുന്നുണ്ട്. മമത ബാനർജി തന്റെ അനന്തരവനെ ഭാവി മുഖ്യമന്ത്രിയായി വോട്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ബിജെപി ഇപ്പോഴേ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Also Read : അപകടം ട്രാക്ക് മുറിച്ചുകടന്നപ്പോൾ..! മലയാളി നഴ്സിംഗ് വിദ്യാർത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്
തൃണമൂലിന്റെ വോട്ട് വിഹിതം 48 ശതമാനമാണ്. അതായത് 10 ശതമാനം വോട്ടുകളുടെ വ്യത്യാസം. മികച്ച മുന്നേറ്റം നടത്തിയാൽ ബംഗാളിൽ ഭരണമാറ്റം സംഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 294 അംഗ നിയമസഭയിൽ 224 ആണ് തൃണമൂലിന്റെ അംഗബലം. മമത ബാനർജിയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരി, നന്ദിഗ്രാം മണ്ഡലത്തിൽ മമതയെ തന്നെ ബിജെപി ടിക്കറ്റിൽ പരാജയപ്പെടുത്തിയിരുന്നു, 2021ൽ അഭിഷേക് ബാനർജിയുമായുള്ള തർക്കത്തെ തുടർന്നാണ് ഒരു കാലത്ത് മമതയുടെ വിശ്വസ്തനായ സുവേന്ദു അധികാരി കളം മാറ്റി ചവിട്ടിയത്. തുടർന്ന് അതെ വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി 77 സീറ്റുകളും 38 ശതമാനം വോട്ടുമാണ് ബംഗാളിൽ നേടിയിരുന്നത്.
The post അടുത്തത് ‘മിഷൻ ബംഗാൾ’! കോൺഗ്രസിനെ വീഴ്ത്തിയ അതേ തന്ത്രവുമായി ബിജെപി: ‘ദീദി’ക്ക് ഇത് അഗ്നിപരീക്ഷ appeared first on Express Kerala.









