
ഗോഹട്ടി: ഭാരത ബാറ്റിങ് നിരയ്‌ക്ക് വീണ്ടും കനത്ത തിരിച്ചടി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ടോട്ടലിന് മുന്നില്‍ 201 റണ്‍സിന് കൂപ്പുകുത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്(58) ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍.
മാര്‍കോ ജാന്‍സെനിന്റെ പേസ് ആക്രമണത്തില്‍ ഭാരത നിര തകര്‍ന്നടിയുകയായിരുന്നു. ആറ് വിക്കറ്റുകളാണ് ജാന്‍സെന്‍ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 489 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കിതെര ഭാരതം 201 റണ്‍സെടുത്ത് പുറത്തായി.
ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിവസത്തെ മത്സരം കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 26 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ എയ്‌ദെന്‍ മാര്‍ക്രവും(12) റയാന്‍ റിക്കിള്‍ട്ടണും(13) ആണ് ക്രീസില്‍.
ആദ്യദിനം സ്പിന്നിനെ തുണച്ച ഗോഹട്ടി ബാര്‍സ്പര സ്റ്റേഡിയത്തിലെ പിച്ച് രണ്ടാം ദിനം ബാറ്റിങ്ങിന് അനുകൂലമായി തിരിഞ്ഞതാണ്. പക്ഷെ ഇന്നലെ പേസിന് വലിയ സഹായമുള്ള തരത്തിലേക്ക് ഗതി മാറി. ഈ സാഹചര്യം നന്നായി മുതലെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഭാരത ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.
തലേന്ന് വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റണ്‍സെടുത്ത ഭാരതം രാവിലെ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ 65 റണ്‍സെടുത്ത് കരുത്തുകാട്ടിയ ഇടത്ത് നിന്ന് കെ.എല്‍. രാഹുല്‍(22) പുറത്തായതോടെ തുടങ്ങി. കേശവ് മഹാരാജിനായിരുന്നു വിക്കറ്റ്. ഭാരത സ്‌കോര്‍ മൂന്ന് അക്കം കടക്കും മുമ്പേ മൂന്ന് പേര്‍ പവിലിയനില്‍ തിരിച്ചെത്തി. 120 തികയും മുമ്പേ അടുത്ത മൂന്ന് വിക്കറ്റുകളും വീണു. കഴിഞ്ഞ ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ ബിലോ മിഡില്‍ ഓര്‍ഡറില്‍ മികച്ച പോരാട്ട വീര്യം കാഴ്‌ച്ചവച്ചത് ഭാരത സ്‌കോര്‍ 200ലെത്തിച്ചു. 92 പന്തുകള്‍ നേരിട്ട സുന്ദര്‍ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സെടുത്ത് ഭാരത ഇന്നിങ്‌സിലെ മികച്ച രണ്ടാമത്തെ സ്‌കോറര്‍ ആയി. സുന്ദറിനൊപ്പം കുല്‍ദീപ് യാദവും ഏറെ നേരം പൊരുതി നിന്നു. 134 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്ത് കുല്‍ദീപ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 72 റണ്‍സാണെടുത്തത്.
ജാന്‍സെന്റെ ആറ് വിക്കറ്റ് പ്രകടനത്തിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സ്പിന്‍ ബൗളര്‍ സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റുകളും നേടി.









