സന്ദർശകരെ കാത്തിരിക്കുന്നത് അറബ് ചരിത്രത്തിന്റെ നേർക്കാഴ്ചകൾ
അബൂദബി: യു.എ.ഇയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന സായിദ് ദേശീയ മ്യൂസിയം തുറന്നു. 54ാമത് ദേശീയ ദിനാഘോഷ ഭാഗമായായിരുന്നു മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഉദ്ഘാടനരാവില്‍ അതിമനോഹരമായ ലേസര്‍ ഷോയും സാംസ്കാരിക പരിപാടികളും ശില്പശാലകളും മറ്റും അരങ്ങേറി. യു.എ.ഇയുടെ ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വമായ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകളും മറ്റ് വസ്തുക്കളുമായി ആയിരക്കണക്കിന് ചരിത്രരേഖകളാണ് മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്.
ആറ് സ്ഥിരം ഗാലറികളിലായി യു.എ.ഇയുടെ പൈതൃകം അനാവരണം ചെയ്യുന്നു. പൂര്‍വികരുടെ സമുദ്രസഞ്ചാരവും ആദ്യകാല സമൂഹം, ഇമാറാത്തി സാംസ്കാരിക വേരുകള്‍ തുടങ്ങിയവയാണ് ഈ ഗാലറികളില്‍ വരച്ചുകാട്ടുന്നത്. യു.എ.ഇയുടെ രൂപവത്കരണത്തിനുപിന്നിലെ ചരിത്രങ്ങളും ശൈഖ് സായിദിന്റെ ജീവിതവും അദ്ദേഹത്തിന്റെ ശബ്ദരേഖകളും കത്തുകളും ഫോട്ടോകളുമൊക്കെ മ്യൂസിയത്തില്‍ കാണാം. മേഖലയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യസാന്നിധ്യം ഉണ്ടായിരുന്നതിന്റെ തെളിവുകളായി പുരാവസ്തു കണ്ടെത്തലുകളും മ്യൂസിയത്തിലുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തും, യു.എ.ഇ സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, സുപ്രിം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാശിദ് അല്‍ മുഅല്ല, സുപ്രിംകൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്, അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവര്‍ സംബന്ധിച്ചു. സായിദ് ദേശീയ മ്യൂസിയത്തിന്റെ വാര്‍ഷിക അംഗത്വമെടുക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. വാര്‍ഷിക അംഗത്വമെടുക്കുന്നവര്‍ക്ക് മ്യൂസിയത്തിലെ ഗാലറികളും പ്രദര്‍ശനങ്ങള്‍ക്കും നിയന്ത്രണമില്ലാതെ സന്ദര്‍ശിക്കാനാവും. ഇവിടെ നടത്തുന്ന പരിപാടികള്‍ക്കും ശില്പശാലകളിലും പങ്കെടുക്കാന്‍ മുന്‍ഗണനയും എക്സ്ക്ലുസീവ് പ്രിവ്യൂകള്ക്കുള്ള ക്ഷണവും ലഭിക്കും.
ഇതിനുപുറമേ മ്യൂസിയത്തിലെ റീട്ടെയില്‍ ഷോപ്പുകളിലും ഭോജനശാലകളിലും പ്രത്യേക ഇളവും അനുവദിക്കും. വ്യക്തിഗതം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്നുതരം അംഗത്വ ഫീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വ്യക്തിഗത അംഗത്വമെടുക്കുന്നതിന് 210 ദിര്‍ഹമാണ് ഫീസ്. ഇവര്‍ക്ക് തനിച്ചോ അല്ലെങ്കില്‍ പങ്കാളിക്കൊപ്പമോ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്.
അധ്യാപകര്‍ക്കുള്ള അംഗത്വ ഫീസ് 150 ദിര്‍ഹമാണ്. 150 ദിര്‍ഹമാണ് വിദ്യാര്‍ഥികളുടെ അംഗത്വ ഫീസ്. പ്രദര്‍ശനങ്ങള്‍, പരിപാടികള്‍ വിദ്യാഭ്യാസ പരിപാടികള്‍ മുതലായവയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെയാവും.
മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹമാണ് ടിക്കറ്റ് ഈടാക്കുക. അതേസമയം വയോജനങ്ങള്‍ക്കും നിശ്ചയദാര്‍ഢ്യ ജനതക്കും ഇവരെ അനുഗമിക്കുന്നവര്‍ക്കും 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്.
അധ്യാപകര്‍ക്കും 18 വയസ്സിനുമുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും 35 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. zayednationalmuseum.ae എന്ന വെബ്സൈറ്റിലൂടെ വാര്‍ഷിക അംഗത്വവും ടിക്കറ്റുകളും വാങ്ങാം. പുലിറ്റ്സര്‍ പ്രൈസ് ജേതാവായ ആര്‍ക്കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്റര്‍ രൂപകല്‍പ്പന ചെയ്ത മ്യൂസിയം സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയിലാണ് ഒരുക്കിയിരിക്കുന്നത്.









