1956 ഡിസംബർ 6 ന് ബാബാസാഹേബ് അംബേദ്കർ അന്തരിച്ചു. അദ്ദേഹം മരണപ്പെട്ടിട്ട് 2025 ഡിസംബർ 6 ന് 69 വർഷം പിന്നിടുകയാണ്. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരുടെയും ദുർബലരുടെയും സംരക്ഷകനായിരുന്ന ഡോ. അംബേദ്കറുടെ വിയോഗം ഒരു കനത്ത ആഘാതമായിരുന്നു. ഡോ. ബാബാസാഹേബ് അംബേദ്കർ തന്റെ നിലനിൽപ്പും വിദ്യാഭ്യാസവും സംരക്ഷിക്കുവാൻ വേണ്ടി നടത്തിയ പോരാട്ടം, ദലിതരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നിവ നിരവധി ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്.
ഈ യാത്ര അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. യാത്രയിലുടനീളം, ബാബാസാഹേബ് വിവിധ രോഗങ്ങളാൽ വലഞ്ഞു. പ്രമേഹം, രക്തസമ്മർദ്ദം, ന്യൂറിറ്റിസ്, ആർത്രൈറ്റിസ് തുടങ്ങിയ ഭേദമാക്കാനാവാത്ത രോഗങ്ങളാൽ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു.
പ്രമേഹം അദ്ദേഹത്തിന്റെ ശരീരത്തെ വളരെയധികം ദുർബലപ്പെടുത്തിയിരുന്നു. സന്ധിവാതവും മറ്റ് അസുഖങ്ങളും അദ്ദേഹത്തെ വേദന കൊണ്ട് പല രാത്രികളും കിടപ്പിലാക്കി. ബാബാസാഹേബ് അംബേദ്കറുടെ ജീവിതത്തിലെ അവസാന മണിക്കൂറുകളെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യം എത്രമാത്രം വഷളായിരുന്നുവെന്ന് നമുക്ക് മനസ്സിലാകും.1956 ഡിസംബർ 6 ന് പുലർച്ചെ ഉറക്കത്തിൽ ആണ് അദ്ദേഹം മരണപ്പെട്ടത്.
രാജ്യസഭയിലെ അവസാന ദിവസം
ഡോ. ബാബാസാഹേബ് അംബേദ്കറുടെ അവസാന പൊതുപരിപാടി രാജ്യസഭാ നടപടികളിൽ പങ്കെടുക്കുക എന്നതായിരുന്നു. നവംബർ മാസത്തിലെ അവസാന മൂന്ന് ആഴ്ചകളിൽ ബാബാസാഹേബ് ഡൽഹിയിൽ നിന്ന് അകലെയായിരുന്നു. നവംബർ 12 ന് അദ്ദേഹം പട്ന വഴി കാഠ്മണ്ഡുവിലേക്ക് പോയി. നവംബർ 14 ന് കാഠ്മണ്ഡുവിൽ ലോക മത പാർലമെന്റ് നടന്നു.
നേപ്പാളിലെ രാജാവ് മഹേന്ദ്രയാണ് ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ രാജാവ് ബാബാസാഹിബിനോട് വേദിയിൽ തന്റെ അരികിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഇത് മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ല. ബുദ്ധമതത്തിൽ ബാബാസാഹിബിന്റെ ഉന്നതിയെക്കുറിച്ച് പറയാൻ ഇത് മാത്രം മതി. കാഠ്മണ്ഡുവിലെ വിവിധ സ്ഥലങ്ങളിൽ നിരവധി ആളുകളെ കണ്ടുമുട്ടിയ ശേഷം, ബാബാസാഹിബ് വളരെ ക്ഷീണിതനായിരുന്നു.
ഭീംറാവു അംബേദ്കറുടെ ഭാര്യയായ മൈസാഹേബ് അംബേദ്കർ എന്നറിയപ്പെടുന്ന സവിത അംബേദ്കർ തന്റെ ജീവചരിത്രമായ ‘ഡോ. അംബേദ്കർരാഞ്ച്യ സഹവാസത്’ എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
അവർ പറയുന്നതനുസരിച്ച്, “ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബാബാസാഹിബ് ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചു. നേപ്പാളിലെ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലേക്ക് അദ്ദേഹം പോയി. പട്നയിലെ പ്രശസ്തമായ അശോക സ്തംഭവും അദ്ദേഹം കണ്ടു, ബോധ് ഗയയും സന്ദർശിച്ചു. ദീർഘവും ക്ഷീണിപ്പിക്കുന്നതുമായ ഈ പര്യടനത്തിനുശേഷം, നവംബർ 30 ന് ബാബാസാഹിബ് ഡൽഹിയിലേക്ക് മടങ്ങിയപ്പോൾ, യാത്രയിൽ അദ്ദേഹം ക്ഷീണിതനായിരുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡൽഹിയിൽ ആരംഭിച്ചിരുന്നു. എന്നിരുന്നാലും, അനാരോഗ്യം കാരണം ബാബാസാഹേബിന് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതൊക്കെയാണെങ്കിലും, ഡിസംബർ 4 ന്, രാജ്യസഭാ നടപടികളിൽ പങ്കെടുക്കണമെന്ന് ബാബാസാഹേബ് നിർബന്ധം പിടിച്ചു. ഡോ. മാൽവങ്കറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ബാബാസാഹേബിന്റെ ആരോഗ്യസ്ഥിതി നോക്കിയശേഷം പാർലമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തനിക്ക് എതിർപ്പില്ലെന്ന് ഡോക്ടർ പറഞ്ഞു. ഡിസംബർ 4 ന് ബാബാസാഹേബ് പാർലമെന്റിൽ പോയി രാജ്യസഭാ നടപടികളിൽ പങ്കെടുത്തു, ഉച്ചകഴിഞ്ഞ് തിരിച്ചെത്തി. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം ഉറങ്ങിപ്പോയി. പാർലമെന്റിലേക്കുള്ള ബാബാസാഹേബിന്റെ അവസാന സന്ദർശനമായിരുന്നു ഇത്.
മുംബൈയിൽ ഒരു മതപരിവർത്തന ചടങ്ങ്
അംബേദ്കറിന്റെ ഭാര്യ തന്റെ ജീവചരിത്രത്തിൽ എഴുതി, “രാജ്യസഭയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബാബാസാഹേബ് കുറച്ചുനേരം വിശ്രമിച്ചു. ഉച്ചകഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ഉണർത്തി കാപ്പി കൊടുത്തു. ബാബാസാഹേബും ഞാനും അലിപൂർ റോഡിലെ 26 ലെ ഞങ്ങളുടെ ബംഗ്ലാവിൻ്റെ പുൽത്തകിടിയിൽ സംസാരിച്ചിരുന്നു. അപ്പോഴാണ് നാനക്ചന്ദ് രട്ടു വന്നത്.
1956 ഡിസംബർ 16-ന് മുംബൈയിൽ (അന്ന് ബോംബെ) ഒരു മതപരിവർത്തന ചടങ്ങ് നടക്കേണ്ടതായിരുന്നു. നാഗ്പൂരിലേതിന് സമാനമായ ഒരു മതപരിവർത്തന ചടങ്ങ് മുംബൈയിലും ബാബാസാഹേബ് സംഘടിപ്പിക്കണമെന്ന് മുംബൈ നേതാക്കൾ ആഗ്രഹിച്ചു. ബാബാസാഹേബും ഞാനും ആ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു.
നാനക് ചന്ദ് രട്ടു ആരായിരുന്നു?
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ താമസക്കാരനായിരുന്നു നാനക് ചന്ദ് രട്ടു. ജോലി തേടി ഡൽഹിയിലെത്തിയ അദ്ദേഹം അവിടെ വെച്ച് ഡോ. ബാബാസാഹേബ് അംബേദ്കറെ കണ്ടുമുട്ടി. പിന്നീടങ്ങോട്ട് ഒരു നിഴൽ പോലെ അദ്ദേഹത്തോടൊപ്പം നിന്നു.
1940-ൽ ബാബാസാഹേബിന്റെ സെക്രട്ടറിയായി നാനക് ചന്ദ് ജോലി ആരംഭിച്ചു. 1956 ഡിസംബർ 6-ന് അവസാന നാളുകൾ വരെ അദ്ദേഹം അംബേദ്കറിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ബാബാസാഹേബിന്റെ രചനകൾ ടൈപ്പ് ചെയ്യാനും നാനക് ചന്ദ് സഹായിച്ചു. പിന്നീട്, ബാബാസാഹേബിന്റെ സ്മരണയ്ക്കായി നാനക് ചന്ദ് രണ്ട് പുസ്തകങ്ങളും എഴുതി. 1922 ഫെബ്രുവരി 6 ന് ജനിച്ച നാനക് ചന്ദ് രട്ടു 2002 സെപ്റ്റംബർ 5 ന് എൺപതാം വയസ്സിൽ ആണ് അന്തരിച്ചത്.
ഡിസംബർ 14 ന് മുംബൈയിൽ നടക്കുന്ന മതപരിവർത്തന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി അംബേദ്കർ രട്ടുവിനോട് മുംബൈയിലേക്ക് പോകാൻ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ചോദിച്ചു. അതിനുശേഷം, അംബേദ്കർ വളരെ നേരം നാനക് ചന്ദ് രട്ടുവിന് എന്തൊക്കെയോ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. പിന്നീട്, രാത്രി ഏകദേശം 11:30 ന്, അദ്ദേഹം ഉറങ്ങാൻ കിടന്നു. രാത്രി വൈകി നാനക് ചന്ദ് രട്ടുവും തന്റെ താമസ സ്ഥലത്തേക്ക് പോയി.
ജീവിതത്തിലെ അവസാന നിമിഷം
ഡിസംബർ 5 ന് രാത്രി, നാനക് ചന്ദ് രട്ടു തന്റെ വീട്ടിലേക്ക് പോയതിനുശേഷം, ബാബാസാഹെബ് “ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും” എന്ന പുസ്തകത്തിന്റെ ആമുഖം വീണ്ടും പരിഷ്കരിച്ചതായി സവിത തന്റെ ജീവചരിത്രത്തിൽ എഴുതുന്നു.
പിന്നീട് അദ്ദേഹം എസ്.എം. ജോഷി, ആചാര്യ പ്രഹ്ലാദ് കേശവ് ആത്രെ, ബ്രഹ്മി സർക്കാർ എന്നിവർക്ക് എഴുതിയ കത്തുകൾ വീണ്ടും പരിശോധിച്ചു. പിന്നെ, പതിവ് പതിവിൽ നിന്ന് വ്യത്യസ്തമായി, 11:30 ന് അദ്ദേഹം ഉറങ്ങാൻ കിടന്നു.
1956 ഡിസംബർ 6 ന്, പതിവുപോലെ സവിത ഉണർന്നു. ചായ ഉണ്ടാക്കിയ ശേഷം, ഭർത്താവിനെ വിളിക്കാനായി പോയി. സമയം രാവിലെ 7:30 ആയിരുന്നു. “ഞാൻ മുറിയിൽ കയറിയ ഉടനെ, ബാബാസാഹെബിന്റെ ഒരു കാല് തലയിണയിൽ അമർന്നിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ വിളിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു ചലനവും ഉണ്ടായിരുന്നില്ല. അദ്ദേഹം ഗാഢനിദ്രയിലാണെന്ന് ഞാൻ കരുതി, അതിനാൽ ഞാൻ അദ്ദേഹത്തെ കുലുക്കി ഉണർത്താൻ ശ്രമിച്ചു, പിന്നെ…” എന്നാണ് സവിത തന്റെ ആത്മകഥയിൽ ഇതേക്കുറിച്ച് എഴുതിയിരിക്കുന്നത്. അംബേദ്‌കർ ഉറക്കത്തിൽ തന്നെ മരണമടഞ്ഞിരുന്നു.







