പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ലെന്നാണ് മതപ്രമാണം. ഹജ്ജ് കര്‍മ്മത്തില്‍ ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമര്‍പ്പണം എന്നീ മൂന്ന് വിഷയങ്ങളും ഒരുമിച്ച് വരുന്നു. മക്കയിലെ വിശുദ്ധ കഅ്ബയിലേക്കുള്ള തീര്‍ത്ഥാടനമാണത്.
2026ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സാങ്കേതികവിദ്യ രക്ഷാകര്‍ത്താവിന്റെ പങ്ക് വഹിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഹജ്ജിന് ഒരുങ്ങുകയാണെങ്കില്‍ വിസാ നടപടികള്‍, വിമാനങ്ങള്‍, ആരോഗ്യ പരിശോധനകള്‍, ആചാരങ്ങള്‍, ഗതാഗത റൂട്ടുകള്‍ എന്നിവയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയതും ചിട്ടയായതുമായ ഒരു സമഗ്ര പദ്ധതി ആവശ്യമാണ്.
ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് 2026ല്‍ ഹജ്ജിനായി തിരിക്കുക. 2026 ലെ ഹജ്ജ് ക്വോട്ട അനുസരിച്ചാണ് 1.75 ലക്ഷം തീര്‍ത്ഥാടകരെന്ന് നിജപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് ഫെസിലിറ്റേഷന്‍ സ്മാര്‍ട്ട് റിസ്റ്റ്ബാന്‍ഡാണ് ഇക്കുറിയത്തെ തീര്‍ത്ഥാടനത്തിന്റെ മുഖ്യ ആകര്‍ഷണം. തീര്‍ത്ഥാടകര്‍ വഴിതെറ്റാതിരിക്കാനും ഒറ്റപ്പെട്ട് പോകാതിരിക്കാനുമായി രൂപകല്‍പ്പന ചെയ്തതാണ് ഇത്.
എന്താണ് ഹജ്ജിനുള്ള സ്മാര്‍ട്ട് റിസ്റ്റ്ബാന്‍ഡ് ?
പാരമ്പര്യത്തെ സാങ്കേതികപരമായ ഉത്തരവാദിത്തവുമായി സമന്വയിപ്പിക്കുന്നതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള സ്മാര്‍ട്ട് റിസ്റ്റ് ബാന്‍ഡ്. ഹജ്ജ് 2026-ല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ഇന്ത്യന്‍ തീര്‍ത്ഥാടകനും സൗജന്യമായി ഒരു ഹജ്ജ് ഫെസിലിറ്റേഷന്‍ സ്മാര്‍ട്ട് റിസ്റ്റ്ബാന്‍ഡ് ലഭിക്കും.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഇത്തരമൊരു പദ്ധതി സാക്ഷാത്കരിക്കുന്നത്. വഴിതെറ്റുക, കൂടാരങ്ങള്‍ മാറി പോവുക, നില്‍ക്കുന്ന സ്ഥലം ഏതെന്ന് അറിയാതെ പോവുക തുടങ്ങി പ്രായമായ തീര്‍ത്ഥാടകര്‍ക്ക് നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഈ സംവിധാനം.
റിസ്റ്റ്ബാന്‍ഡിന്റെ സവിശേഷതകള്‍
ഹജ്ജ് ഫെസിലിറ്റേഷന്‍ ആപ്പുമായി ബന്ധിപ്പിച്ച ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനമാണ് ഇതിനുള്ളത്. ഒരു എസ്ഒഎസ് ബട്ടണ്‍, ഒരു ഖിബ്ല കോമ്പസ്, പ്രാര്‍ത്ഥനാ സമയം കാണിക്കല്‍, ഒരു പെഡോമീറ്റര്‍, അടിസ്ഥാന ആരോഗ്യ നിരീക്ഷണം എന്നിവയാണ് ഈ റിസ്റ്റ്ബാന്‍ഡുമായി ബന്ധപ്പെട്ടുള്ളത്.
റിസ്റ്റ്ബാന്‍ഡിന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം 2026 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കും. തീര്‍ത്ഥാടകരുടെ യാത്ര ആരംഭിക്കുമ്പോള്‍ യഥാര്‍ത്ഥ ഉപകരണങ്ങള്‍ കൈമാറുകയും ചെയ്യും.
60%-ല്‍ അധികം ഇന്ത്യന്‍ തീര്‍ത്ഥാടകരും പ്രായമായ പൗരരാണ് എന്നതിനാലാണ് റിസ്റ്റ് ബാന്‍ഡ് പദ്ധതി നടപ്പാക്കുന്നത്. ഇവരില്‍ പലരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവരുമാണ്. ഇതിനാലാണ് പരിശീലനം ഉറപ്പാക്കുന്നത്. ഇത് ധരിച്ചവര്‍ ഗ്രൂപ്പില്‍ നിന്ന് വേര്‍പെട്ടാല്‍ ലൊക്കേഷന്‍ പരിശോധിച്ച് എളുപ്പം കണ്ടെത്താനാകും.
ഹജ്ജ് 2026നായി സ്വീകരിക്കേണ്ട നടപടികള്‍ ഇങ്ങനെ
- ഔദ്യോഗിക സൗദി നുസുക്ക് ഹജ്ജ് പോര്‍ട്ടല്‍, അല്ലെങ്കില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി (എച്ച്‌സിഒഐ) പോര്‍ട്ടല്‍ (നിങ്ങള്‍ തിരഞ്ഞെടുക്കുന്ന റൂട്ട് അനുസരിച്ച്) വഴി രജിസ്റ്റര്‍ ചെയ്യുക.
- ഹറമിന് അടുത്തുള്ള ഹോട്ടലുകള്‍ ഉള്‍പ്പടെ നടപ്പാക്കുന്ന ഹജ്ജ് പാക്കേജുകള്‍ വേഗത്തില്‍ വിറ്റുതീരുമെന്നതിനാല്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
- കൂടാതെ ശരിയായ പാക്കേജ് തിരഞ്ഞെടുക്കേണ്ടതുണ്ട്. നുസുക്ക് പാക്കേജുകള്‍ സുതാര്യവും സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിച്ചതുമാണ്. ഇതില്‍ വിമാനങ്ങള്‍, വിസ, താമസം, ഭക്ഷണം, മഷാഇര്‍ ഗതാഗതം എന്നിവ ഉള്‍പ്പെടുന്നു.
- എച്ച്‌സിഒഐ റൂട്ട് : ഇത് കൂടുതലായി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ തിരഞ്ഞെടുക്കുന്ന ഒന്നാണ്. വിശദാംശങ്ങള്‍, സര്‍ക്കുലറുകള്‍, പേയ്മെന്റ് ഷെഡ്യൂളുകള്‍ എന്നിവ hajcommittee.gov.in ല്‍ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്.
ആരോഗ്യം ശ്രദ്ധിക്കുക
പുറപ്പെടുന്നതിന് ഏകദേശം 4-6 ആഴ്ചകള്‍ക്ക് മുമ്പ് ലഘുവായ നടത്തം ആരംഭിക്കുക. ഹജ്ജിനായി ഏറെ ദൂരം നടക്കേണ്ടതുണ്ട് – പ്രത്യേകിച്ചും മിന, അറഫാത്ത്, മുസ്ദലിഫ എന്നിവയ്ക്കിടയില്‍. കൂടാതെ കുത്തിവയ്പ്പുകള്‍ നേരത്തെ എടുക്കാന്‍ ശ്രദ്ധിക്കുക. മെഡിക്കല്‍ രേഖകളും ആവശ്യമായ മരുന്നുകളും കൈവശം ഭദ്രമായി സൂക്ഷിക്കുക.
എന്തൊക്കെ പാക്ക് ചെയ്യണം ?
കനംകുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങള്‍ കരുതണം. വീണ്ടും ഉപയോഗിക്കാവുന്ന കുപ്പിയില്‍, വെള്ളം, സണ്‍സ്‌ക്രീന്‍, ഇഹ്‌റാം, ചെരിപ്പുകള്‍, മുസ്ദലിഫയിലേക്കുള്ള ഒരു ചെറിയ ബാക്ക്പാക്ക്, ഒരു യാത്രാ പ്രാര്‍ത്ഥനാ പായ.
കനത്ത ലഗേജുകള്‍ ഒഴിവാക്കണം, കാരണം മിന-അറഫാത്ത്-മുസ്ദലിഫ ഇടനാഴിയില്‍ തിരക്കായിരിക്കുകയും. ഇവിടെ ഏറെ നടക്കാന്‍ ഉള്ളതുമാണ്. ബിസ്‌കറ്റ്, നട്‌സ്, ഈന്തപ്പഴം എന്നിവ കരുതാം.
റൂട്ട് മനസ്സിലാക്കുക
നുസുക്ക് അല്ലെങ്കില്‍ എച്ച്‌സിഒഐ ക്രമീകരിക്കുന്ന ഷട്ടില്‍ ബസുകള്‍, പ്രധാന സ്ഥലങ്ങള്‍ക്കിടയിലുള്ള നടപ്പാതകള്‍, സുരക്ഷയ്ക്കായി ഗ്രൂപ്പ് മാനേജ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ പിന്‍തുടരുക.
ഇടങ്ങളും ആചാരങ്ങളും ദിവസങ്ങളും
മിന – കൂടാരങ്ങളുടെ നഗരം, അറഫാത്ത് – ഏറ്റവും പ്രധാനപ്പെട്ട ദിവസം, മുസ്ദലിഫ – തുറന്ന സ്ഥലത്ത് താമസിച്ച് കല്ലുകള്‍ ശേഖരിക്കുന്ന ഇടം, ജംറത്ത് – കല്ലെറിയുന്ന സ്ഥലം. ഹജ്ജ് കാലത്ത് ജിദ്ദയിലോ മദീനയിലോ വിമാനത്താവള നടപടിക്രമങ്ങള്‍ നീണ്ടതാണ്.
നിങ്ങളുടെ രേഖകള്‍ എളുപ്പം കിട്ടുന്ന രീതിയില്‍ സൂക്ഷിക്കുക. ഹജ്ജ്, 2026 മെയ് 24-29 തീയതികളില്‍ ആയിരിക്കും. ചന്ദ്രനെ കാണുന്നതിനനുസരിച്ച് അവസാന തീയതികള്‍ മാറിയേക്കാം.
ദുല്‍ഹിജ്ജ 8 – മിന ദിനം
തീര്‍ത്ഥാടകര്‍ ഇഹ്‌റാം ധരിച്ച് മിനയിലെ കൂടാര നഗരത്തിലേക്ക് പോകുന്നു. വിശ്രമിക്കുക, പ്രാര്‍ത്ഥിക്കുക, വെള്ളം കുടിക്കുക.
ദുല്‍ഹിജ്ജ 9 – അറഫാത്ത്, മുസ്ദലിഫ ദിനം
ഇത് ഏറ്റവും ആത്മീയ തീവ്രതയുള്ള ദിവസമാണ്. നിങ്ങള്‍ അറഫാത്ത് മലയില്‍ പ്രാര്‍ത്ഥനയില്‍ നിലയുറപ്പിക്കുന്നു. തുടര്‍ന്ന് സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക് പോകുന്നു. ഇവിടെ നിന്ന് കല്ലുകള്‍ ശേഖരിക്കുന്നു.
ദുല്‍ഹിജ്ജ 10 – ഈദ് ദിനം
ജംറത്തില്‍ കല്ലെറിയുക, മൃഗബലി നടത്തുക.







