
വിശാഖപട്ടണത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ കന്നി ഏകദിന സെഞ്ച്വറിയുടെയും മുൻ നായകന്മാരായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും തകർപ്പൻ അർധസെഞ്ച്വറികളുടെയും കരുത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കി. 116 റൺസുമായി ജയ്സ്വാളും 65 റൺസുമായി വിരാട് കോഹ്‌ലിയും പുറത്താകാതെ നിന്നപ്പോൾ 75 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
കരുതലോടെ തുടങ്ങിയ ഓപ്പണിങ് സഖ്യത്തിൽ രോഹിത് ശർമ്മയാണ് സ്കോറിങ്ങിന് വേഗം കൂട്ടിയത്, വ്യക്തിഗത സ്കോർ 27 പിന്നിട്ടതോടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. 54 പന്തിൽ അർധസെഞ്ച്വറി തികച്ച രോഹിത് 26-ാം ഓവറിൽ മടങ്ങിയെങ്കിലും, 75 പന്തിൽ അർധസെഞ്ച്വറി നേടിയ ജയ്സ്വാൾ പിന്നീട് വേഗത കൂട്ടി, വെറും 36 പന്തുകൾ കൊണ്ടാണ് താരം കന്നി ഏകദിന സെഞ്ച്വറിയിലേക്ക് എത്തിയത്, ഇതോടെ ഏകദിനം, ടെസ്റ്റ്, ട്വന്റി20 എന്നീ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി ജയ്സ്വാൾ മാറി.
രോഹിത്തിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലി 40 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി ജയ്സ്വാളിനൊപ്പം ചേർന്ന് ഇന്ത്യൻ വിജയം അതിവേഗം ഉറപ്പിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് 106 റൺസടിച്ചെങ്കിലും, ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക 270 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
The post ജയ്സ്വാൾ സെഞ്ച്വറിയിൽ തിളങ്ങി; രോഹിത്തും കോഹ്‌ലിയും അർധസെഞ്ച്വറിയോടെ പിന്തുണച്ചു! ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര appeared first on Express Kerala.









