
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരായ രണ്ടാമത്തെ പരാതിയിലും അന്വേഷണ നടപടികൾ ശക്തമാകുന്നു. രാഹുലിനെതിരെ പരാതി നൽകിയ 23-കാരിയായ രണ്ടാമത്തെ യുവതിയും കേസിൽ മൊഴി നൽകാൻ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം പരാതി അയച്ച ഇ-മെയിൽ വിലാസത്തിലേക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് യുവതി മൊഴി നൽകാനുള്ള സന്നദ്ധത അറിയിച്ചത്. ഈ യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് രാഹുലിനെതിരെ രണ്ടാമത്തെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു.
ബലാത്സംഗക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഡി.വൈ.എസ്.പി. സജീവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 23-കാരിയായ യുവതി കെ.പി.സി.സി., രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് ഡിസംബർ രണ്ടിന് അയച്ച പരാതി, ഡി.ജി.പിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന് പരാതിയിൽ യുവതി ഉന്നയിച്ചിരുന്നു.
Also Read: രാഹുലിന് ആശ്വാസം! അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വിവാഹ വാഗ്ദാനം നൽകിയ ശേഷം ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. കൂടാതെ, ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചതായും പരാതിയിലുണ്ട്. സംഭവം നടന്ന ഉടൻ പോലീസിൽ പരാതി നൽകാതിരുന്നത് രാഹുലിനെ ഭയന്നിട്ടാണെന്നും യുവതി വ്യക്തമാക്കി. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് തന്നെ കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും അവിടെ വെച്ച് ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ഇ-മെയിൽ വഴി നേതാക്കൾക്ക് അയച്ച പരാതിയിൽ യുവതി ഉന്നയിച്ചിരുന്നത്.
The post രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്! യുവതി മൊഴി നൽകാൻ തയ്യാർ appeared first on Express Kerala.









