
ലണ്ടന്‍: ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ മികവില്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. വുള്‍വ്‌സിനെ ഇന്നലെ അവരുടെ തട്ടകത്തില്‍ 4-1ന് തോല്‍പ്പിച്ചു.
ആദ്യ പകുതിയില്‍ 1-1ന് സമനില പാലിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ എതിര്‍ വലയില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാര്‍ അടിച്ചുകയറ്റിയത് മൂന്ന് ഗോളുകള്‍.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. ആദ്യ പകുതി തീരും മുമ്പേ ആതിഥേയര്‍ സമനില പിടിച്ചു.
മത്സരത്തിന്റെ രണ്ടാം പുകതി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ബ്രയാന്‍ എംബ്യൂമോ യുണൈറ്റഡിന് വീണ്ടും ലീഡ് സമ്മാനിച്ചു(51-ാം മിനിറ്റില്‍). 11 മിനിറ്റ് കഴിഞ്ഞ് മേസന്‍ മൗണ്ടിലൂടെ യുണൈറ്റഡ് വീണ്ടും ഗോള്‍ നേടി ലീഡ് ഉയര്‍ത്തി.
പിന്നെയും ശക്തമായ പ്രസ്സിങ് ഗെയിമിലൂടെ യുണൈറ്റഡ് 82-ാം മിനിറ്റില്‍ പെനാല്‍റ്റി നേടിയെടുത്തു. കിക്കെടുക്കാനെത്തിയ ബ്രൂണോ മത്സരത്തില്‍ തന്റെ ഇരട്ടഗോള്‍ തികച്ചു.
റൂബന്‍ അമോറിമിന് കീഴിലുള്ള യുണൈറ്റഡ് സീസണില്‍ സ്വന്തമാക്കിയ ഏഴാം വിജയമാണിത്. നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടു. നാലെണ്ണത്തില്‍ സമനില വഴങ്ങി. ആദ്യ പത്തിന് പുറത്തായിരുന്ന ടീം 25 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറി.









