
ഹസാരിബാഗ്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഝാര്‍ഖണ്ഡിനെതിരെ കേരളത്തിന് 127 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 333 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഝാര്‍ഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മാധവ് കൃഷ്ണയുടെ ഇന്നിങ്‌സാണ് കേരളത്തിന് ലീഡൊരുക്കിയത്.
രണ്ട് വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് നൂറ് തികയ്‌ക്കും മുന്‍പെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. അമയ് മനോജ് 23ഉം തോമസ് മാത്യു 24ഉം ഹൃഷികേശ് മൂന്നും റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി ഫോമിലുള്ള ക്യാപ്റ്റന്‍ മാനവ് കൃഷ്ണ 27ഉം മൊഹമ്മദ് ഇനാന്‍ 20ഉം റണ്‍സെടുത്ത് പുറത്തായി. ഏഴ് വിക്കറ്റിന് 150 റണ്‍സെന്ന നിലയിലായിരുന്ന കേരളത്തെ എട്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മാധവ് കൃഷ്ണയും കെ വി അഭിനവും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 178 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മാധവ് 139 റണ്‍സെടുത്തപ്പോള്‍ അഭിനവ് 50 റണ്‍സ് നേടി. 13 ബൗണ്ടറികളും ഒന്‍പത് സിക്‌സും അടങ്ങുന്നതായിരുന്നു മാധവിന്റെ ഇന്നിങ്‌സ്. ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 333ല്‍ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്‌ത്തിയ ദീപാന്‍ശു റാവത്താണ് ഝാര്‍ഖണ്ഡ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ഇഷാന്‍ ഓം മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഝാര്‍ഖണ്ഡ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 55 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ വത്സല്‍ തിവാരിയുടെയും കൗശിക്കിന്റെയും വിക്കറ്റുകളാണ് ഝാര്‍ഖണ്ഡിന് നഷ്ടമായത്. അമയ് മനോജിനും തോമസ് മാത്യുവിനുമാണ് വിക്കറ്റ്. 16 റണ്‍സോടെ അര്‍ജുന്‍ പ്രിയദര്‍ശിയും അഞ്ച് റണ്‍സോടെ യഷ് റാഥോറുമാണ് ക്രീസില്‍.









