
മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഇന്ന് സിറ്റി പരീക്ഷണം. ചാമ്പ്യന്‍സ് ലീഗ് ആറാം റൗണ്ട് മത്സരത്തിനായി ഇരുവരും ഇന്ന് രാത്രി 1.30ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. റയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. കഴിഞ്ഞ ദിവസം ഇവിടെ ലാലിഗ പോരാട്ടത്തില്‍ സെല്‍റ്റ് വിഗോയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ റയലിന് കിട്ടുന്ന ഏറ്റവും മികച്ച അവസരമാണ് ഇന്നത്തത്.
ഇരു ടീമുകളും അതാത് ലീഗുകളില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരായി തുടരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ലാലിഗയില്‍ 16 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 40 പോയിന്റുള്ള ബാഴ്‌സയ്‌ക്ക് പിന്നില്‍ 36 പോയിന്റുമായാണ് റയല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. സിറ്റിയാകട്ടെ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെക്കാള്‍ രണ്ട് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തിലൂടെ ചെല്‍സിയെ മറികടന്നാണ് സിറ്റി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റാണ് സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ ഉള്ളത്.
ചാമ്പ്യന്‍സ് ലീഗിലേക്ക് വരുമ്പോള്‍ റയല്‍ ഇപ്പോഴും ആദ്യ എട്ടില്‍ തന്നെയുണ്ട്. പക്ഷെ പരാജയപ്പെട്ടാല്‍ താഴേക്ക് പോകാനിടയുണ്ട്. നിലവില്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഇന്നത്തേതടക്കം മൂന്ന് മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് പ്രവേശിക്കാവുന്ന അവസരം തീരും. അതിന് മുമ്പ് ആദ്യ എട്ടില്‍ ഇടം പിടിക്കാനാണ് ടീമുകള്‍ പൊരുതിക്കൊണ്ടിരിക്കുന്നത്. സിറ്റി നിലവില്‍ അഞ്ചില്‍ മൂന്ന് കളികള്‍ മാത്രം ജയിച്ച് 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ആദ്യ എട്ടില്‍ ഇടം കണ്ടെത്താനാകാത്തവര്‍ നോക്കൗട്ടിലെത്താന്‍ പ്ലേ ഓഫ് കളിക്കാം. ആദ്യ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഒമ്പത് മുതല്‍ 24 വരെ സ്ഥാനത്തുള്ളവര്‍ക്കാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിനായി പ്ലേ ഓഫ് കളിക്കാന്‍ അവസരം ലഭിക്കുക. 25 മുതല്‍ താഴേക്കുള്ള ടീമുകള്‍ നോക്കൗട്ട് പ്രതീക്ഷകളില്ലാതെ പുറത്താകേണ്ടിവരും.








