ചില പ്രണയകഥകൾ സിനിമയാകുന്നത് ആരെങ്കിലും അത് എഴുതാൻ തീരുമാനിക്കുന്നതുകൊണ്ടാണ്. എന്നാൽ ആരുടേയും ശ്രദ്ധ കിട്ടാതെ പോകുന്ന ചില പ്രണയകഥകൾ കൂടിയുണ്ട്. സൗരവ് ഗാംഗുലിയുടെയും അയൽവാസിയും ബാല്യകാല സുഹൃത്തുമായ ഡോണയുടെയും പ്രണയം അത്തരത്തിലൊന്നാണ്. ബാഡ്മിന്റൺ കളിയിലെ ഒരു തെറ്റായ ഷോട്ടിൽ തുടങ്ങി, കുടുംബവൈരാഗ്യവും നിശ്ശബ്ദമായ എതിർപ്പും രഹസ്യവിവാഹവും ഉൾപ്പെടെ കൊൽക്കത്തയുടെ ഗോസിപ്പ് ലോകം പോലും പിടികൂടാതെ പോയ ഒരു പ്രണയകഥ.
“ദാദ”യായി, ലോർഡ്സിൽ ജേഴ്സി വീശിയ ധീരനായ ഇന്ത്യൻ ക്യാപ്റ്റനായി ലോകം കണ്ട സൗരവ് ആകും മുൻപ്, അയാൾ ഒരു സാധാരണ യുവാവായിരുന്നു — തന്റെ പ്രണയം കൈവിടാതിരിക്കാൻ ശ്രമിച്ച, സെലക്ടർമാരുടെ വിമർശനങ്ങളും കരിയറിലെ അനിശ്ചിതത്വങ്ങളും ഒരുപോലെ നേരിട്ട ഒരാൾ.
ക്രിക്കറ്റിന്റെ പശ്ചാത്തലം: വീഴ്ചയും തിരിച്ചുവരവും
1992 ജനുവരി 11-ന് ബ്രിസ്‌ബേനിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സൗരവ്, മൂന്ന് റൺസിന് പുറത്താകുകയും ഉടൻ ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. “അഹങ്കാരി” എന്ന മുദ്രയും പിന്നാലെ വന്നു. എന്നാൽ സൗരവ് ഗാംഗുലി ഒരിക്കലും അവിടെ നിൽക്കാൻ തയ്യാറായില്ല. ആഭ്യന്തര ക്രിക്കറ്റിൽ റൺസുകൾ കൂട്ടിയശേഷം, 1996-ൽ ലോർഡ്സിൽ നേടിയ 131 റൺസ് — ഒരു ജീവിതം തന്നെ തിരുത്തിയ ഇന്നിംഗ്സ് ആയിരുന്നു. അതേ കാലഘട്ടത്തിലാണ്, മറ്റൊരു കഥ, ഏറെ നിശ്ശബ്ദമായി, കൊൽക്കത്തയിലെ അയൽ വീട്ടിലും നടക്കുന്നത്.
ഡോണ ഗാംഗുലി: ബെഹാലയിലെ ഒഡീസ്സി കലാകാരി
1977 ഓഗസ്റ്റ് 22-ന് കൊൽക്കത്തയിലെ ബെഹാലയിൽ ജനിച്ച ഡോണ, മൂന്ന് വയസ്സുമുതൽ നൃത്തപരിശീലനം ആരംഭിച്ചു. അമല ശങ്കർ പോലുള്ള ഇതിഹാസത്തിന്റെ കീഴിൽ തുടക്കത്തിൽ പരിശീലനം നേടിയ ഡോണ, പിന്നീട് കെളുചരൺ മോഹപാത്ര, ഗിരിധാരി നായക് എന്നിവരിൽ നിന്ന് ഒഡീസ്സി അഭ്യസിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തലോകത്ത് അവരെ മുൻനിരയിലേക്കെത്തിച്ച ഗുരുനാഥന്മാർ ഇവരൊക്കെ ആയിരുന്നു.
ഇതിനൊക്കെ ഇടയിലും ഡോണയുടെ ബാല്യകാല ഡയറിയിൽ നിറഞ്ഞിരുന്നത് നൃത്തപരിശീലന കുറിപ്പുകളും “അയൽവാസിയായ ഒരു ബാലനെ” കുറിച്ചുള്ള ചെറിയ കുറിപ്പുകളുമായിരുന്നു.
ഒരു ഷട്ടിൽക്കോക്കിൽ തുടങ്ങിയ പ്രണയം
സൗരവും ഡോണയും ഒരേ പ്രദേശത്ത് വളർന്നവരാണ്. അതുകൊണ്ട് തന്നെ പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു എങ്കിലും സംസാരിക്കാൻ മടിയായിരുന്നു. ഒരു ദിവസം സൗരവ് സുഹൃത്തുക്കളുമായി ബാഡ്മിന്റൺ കളിക്കുമ്പോൾ അടിച്ച ഷട്ടിൽക്കോക്ക് നേരെ ഡോണയുടെ വീട്ടുവളപ്പിലേക്ക് പറന്നു വീണു.
ഷട്ടിൽക്കോക്ക് തിരികെ നൽകാൻ ഡോണ പുറത്തുവന്നു. കുറച്ചു വാക്കുകൾ. കുറച്ചു നാണം. പിന്നെ വീണ്ടും കാണാനുള്ള കാരണങ്ങൾ. സൗഹൃദം പ്രണയമായി. കൊൽക്കത്തയിലെ പ്രശസ്തമായ മാൻഡറിൻ ചൈനീസ് റെസ്റ്റോറന്റിൽ ഒരു ലളിതമായ ഭക്ഷണം കഴിച്ചുകൊണ്ട് ആദ്യ ഡേറ്റ്. ഇതൊക്കെ അറിയുന്നു അന്നത്തെ ആ പഴയകാല പ്രണയത്തിന്റെ സൗന്ദര്യം.
കുടുംബവൈരാഗ്യം: പ്രണയത്തിന് മുന്നിലെ മതിൽ
എല്ലാ മികച്ച പ്രണയകഥകൾക്കും ഒരു സംഘർഷമുണ്ടാകും. സൗരവിന്റെയും ഡോണയുടെയും കഥയിൽ അത് കുടുംബങ്ങൾ തമ്മിലുള്ള പഴയ പിണക്കമായിരുന്നു. ബന്ധം തുറന്നു പറഞ്ഞപ്പോൾ, വിവാഹം അംഗീകരിക്കാൻ ഇരുകുടുംബങ്ങളും തയ്യാറായില്ല.
അംഗീകാരം വൈകുമെന്ന് ഉറപ്പായതോടെ, അവർ ധൈര്യമായൊരു തീരുമാനം എടുത്തു. 1996 ഓഗസ്റ്റ് 12-ന്, സൗരവിന്റെ ഒരു അടുത്ത സുഹൃത്തിന്റെ വീട്ടിൽ, മാധ്യമശ്രദ്ധ ഒഴിവാക്കാൻ രജിസ്ട്രാറെ വീട്ടിലേക്കു വരുത്തി, ഇരുവരും രഹസ്യമായി വിവാഹിതരായി. അന്ന് സൗരവ് ഒരു ദേശീയ താരമായിരുന്നു. അതിനാൽ ഇത് രഹസ്യമായി സൂക്ഷിക്കേണ്ടത് ഒരു ആവശ്യകതയായിരുന്നു. സത്യം പുറത്ത് വന്നപ്പോൾ കുടുംബങ്ങൾ ഞെട്ടി. കോപം, വാക്കേറ്റം, നിരാശ — എല്ലാം ഉണ്ടായി. എന്നാൽ സമയം കടന്നപ്പോൾ, ഈ ബന്ധത്തിന്റെ ആഴം എല്ലാവർക്കും മനസ്സിലായി. ഒടുവിൽ, 1997 ഫെബ്രുവരി 21-ന്, ഇരുകുടുംബങ്ങളും ഒന്നിച്ചുകൊണ്ട് ഇവരുടെ ഔദ്യോഗിക വിവാഹം നടന്നു.
ഇന്നത്തെ ജീവിതം
2001-ൽ മകൾ സന ജനിച്ചു. ഇന്ന് സന INNOVERV എന്ന സ്ഥാപനത്തിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. ഡോണ ഒഡീസ്സി നർത്തകിയായും ദീക്ഷ മഞ്ജരി എന്ന നൃത്ത അക്കാദമിയുടെ ഡയറക്ടറായും തുടരുന്നു. ഒരു ദിവസം തെറ്റിപ്പോയ ഒരു ഷട്ടിൽക്കോക്ക്. നിശ്ശബ്ദമായി എല്ലാം സഹിച്ച ഒരു പ്രണയം. ജീവിതം ചിലപ്പോൾ ഏറ്റവും മനോഹരമായ തിരക്കഥകൾ എഴുതുന്നത്, ഇങ്ങനെയൊക്കെയാണ്.








