
കൊച്ചി: കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ദീപ്തി മേയറാകാൻ ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ല. കാരണം അവർ വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണ്. അവർക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ദീപ്തി മേരി വർഗീസിന് വിഷമമുണ്ടായെങ്കിൽ തെറ്റ് പറയാനാകില്ല. വർഷങ്ങളായി പാർട്ടിയിൽ സജീവമായ ആളാണ് അവർ. എങ്കിലും പാർട്ടി തീരുമാനം അന്തിമമാണെന്നും അവർ അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാൽ പറഞ്ഞു. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരുന്നു. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് മേയറെ തിരഞ്ഞെടുത്തത്. ഇതിന് നേതൃത്വം നൽകിയവർ മറുപടി പറയണമെന്നും ദീപ്തി ആവശ്യപ്പെട്ടു. കൗൺസിലർമാരുടെ അഭിപ്രായം തേടിയ നടപടി ഒട്ടും സുതാര്യമായിരുന്നില്ല എന്നും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ അവർക്ക് സാഹചര്യം ഒരുക്കിയില്ലെന്നും ദീപ്തി ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് അരങ്ങേറിയിരുന്നത്.
വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവർഷം വീതം കൊച്ചി കോർപ്പറേഷൻ പദവി പങ്കിടുക. 22 കൗൺസിലർമാർ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോൾ 17 പേരുടെ പിന്തുണ വി കെ മിനി മോൾക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേർ മാത്രമെന്നാണ് വിവരം. രണ്ടുപേർ ദീപ്തിക്കും ഷൈനിക്കുമായി മേയർപദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.
The post പാർട്ടിയുടെ തീരുമാനം അന്തിമം; കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ appeared first on Express Kerala.








