
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡി മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT). ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്ന ഡി മണിയെ ചെന്നൈയിൽ കണ്ടെത്തി ചോദ്യം ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡി മണിയെ ചോദ്യം ചെയ്തത്. താൻ വജ്ര വ്യാപാരിയാണെന്നും ഡി മണി എന്ന പേര് ഡയമണ്ട് മണി എന്നതിന്റെ ചുരുക്കമാണെന്നും ബാലമുരുകൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. വജ്ര വ്യാപാരത്തിൽ ഇടനിലക്കാരനായിരുന്നതോടെയാണ് ഡി മണി എന്ന പേര് ഉപയോഗിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
ശബരിമലയിൽ നിന്ന് സ്വർണം മാത്രമല്ല, പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നിൽ ചെന്നൈ ആസ്ഥാനമായ വിഗ്രഹ സംഘത്തിന്റെ തലവനായ മണിയാണെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയത്. ഇന്നലെ പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയ അന്വേഷണ സംഘം, ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ നീക്കം നടത്തുകയാണ്. എന്നാൽ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഡി മണിയുടെ മൊഴി.
Also Read: ഉന്നാവ് ബലാത്സംഗ കേസ്; ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സി ബി ഐ
ശബരിമല സ്വർണക്കൊള്ള നടന്ന സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകൾ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ വെളിപ്പെടുത്തൽ. 2020 ഒക്ടോബർ 20ന് പണം കൈമാറ്റം നടന്നുവെന്നും, ശബരിമലയിലെ ഒരു ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും മാത്രമാണ് ഇടപാടിൽ പങ്കെടുത്തതെന്നും വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഡി മണിയെക്കുറിച്ചുള്ള അന്വേഷണം SIT ആരംഭിച്ചത്. പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് സംസ്ഥാനത്തിന് പുറത്ത് ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തുന്നതിലെ ഇടനിലക്കാരനെന്നും, നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ഇയാൾ വഴി കടത്തിയതായും SIT-ന് നിർണായക മൊഴി ലഭിച്ചിട്ടുണ്ട്.
The post ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ നിർണായക നീക്കം; ഡി മണിയെ കണ്ടെത്തി എസ്ഐടി appeared first on Express Kerala.









