മനാമ: വ്യക്തമായ ഗുണം പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ സാധിക്കാതെ, ഒരു ഗുണവുമില്ലാതെ നിലയിൽ സർക്കാർ നടത്തുന്ന ലോക കേരളസഭ എന്ന മാമാങ്കവും, സംബന്ധ യോഗങ്ങളും ബഹിഷ്കരിക്കാൻ ഐ.വൈ.സി.സി ബഹ്‌റൈൻ തീരുമാനിച്ചു. ഈ ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ആളുകൾക്ക് സംസാരിക്കാൻ പ്ലാറ്റ്‌ഫോമുകൾ ഉള്ളപ്പോൾ, കോടികൾ പൊടിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് വെറും ധൂർത്താണെന്ന് ഐ.വൈ.സി.സി കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളെ കൂടെ ഉൾപ്പെടുത്തി ഡിജിറ്റൽ മീറ്റിങ്ങുകൾ നടത്തിയാൽ തീരാവുന്ന കാര്യത്തിനാണ് നാട്ടിൽ പന്തലിട്ടും വിരുന്നൊരുക്കിയും ഖജനാവ് മുടിക്കുന്നത്.
ഓരോ സഭ കൂടുമ്പോഴും കടലാസിൽ മാത്രം ഒതുങ്ങുന്ന പദ്ധതികളല്ലാതെ പ്രായോഗികമായി പ്രവാസികൾക്ക് ഒരു മെച്ചവും ലഭിക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനോ, മടങ്ങി വരുന്നവർക്ക് തൊഴിൽ ഉറപ്പാക്കാനോ സർക്കാരിന് സാധിക്കുന്നില്ല. ഇത്തരം കാതലായ വിഷയങ്ങളിൽ ഇടപെടാതെ, പ്രവാസികളുടെ പേരും പറഞ്ഞ് ആഘോഷങ്ങൾ നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. സർക്കാരിന് ശരിക്കും പ്രവാസികളെ കേൾക്കണമെന്നുണ്ടെങ്കിൽ വലിയ ചിലവില്ലാത്ത ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാമായിരുന്നു.
ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പോലും തങ്ങളുടെ അഭിപ്രായം പറയാൻ കഴിയുന്ന രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് പകരം, കുറച്ച് ആളുകളെ മാത്രം ഇരുത്തി നടത്തുന്ന ഈ ഷോ കൊണ്ട് പ്രവാസിക്ക് എന്ത് നേട്ടമാണുള്ളതെന്ന് ഭാരവാഹികൾ ചോദിച്ചു. പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് പോലും പുറത്തുവിടാത്ത ഇങ്ങനെയൊരു പ്രഹസനത്തിന് ഐ.വൈ.സി.സി കൂട്ടുനിൽക്കില്ല. പ്രവാസിക്ക് ഗുണമുണ്ടെന്ന് ആധികാരികമായി വെളിപ്പെടാത്ത ഈ പരിപാടി പൂർണ്ണമായും ബഹിഷ്കരിക്കുകയാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, ട്രഷറര്‍ ഷഫീഖ് കരുനാഗപ്പള്ളി എന്നിവർ അറിയിച്ചു.









