
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്ന മാധ്യമ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും താൻ ഭാഗമായിട്ടില്ലെന്നും ആരുടെയും പേര് നിർദ്ദേശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽ ബിജെപി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ ‘ഇൻഡി സഖ്യ ഫാക്ടറിയിൽ’ നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങിയെന്ന് അദ്ദേഹം കുറിച്ചു. വിവാദങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ തന്റെ പേര് ഉപയോഗിക്കുന്നത് മര്യാദകേടാണ്. പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണിതെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ബ്രേക്കിങ് ന്യൂസ് ദാരിദ്ര്യത്തിന് പരിഹാരം കാണേണ്ടത് ഇങ്ങനെയല്ലെന്ന് തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കളെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. ആയിരം വട്ടം ആവർത്തിച്ചാലും നുണ സത്യമാവില്ല,” എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി ആശാനാഥിനും അദ്ദേഹം ആശംസകളും നേർന്നു.
The post മേയർ തിരഞ്ഞെടുപ്പ്: ചർച്ചകളിൽ ഭാഗമായിട്ടില്ല, പേര് വലിച്ചിഴക്കുന്നത് മര്യാദകേട്; വി. മുരളീധരൻ appeared first on Express Kerala.









