
യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാർക്ക് പുതുവർഷത്തിൽ വലിയ സാമ്പത്തിക നേട്ടം. സ്വദേശിവൽക്കരണം (Emiratisation) ശക്തമാക്കുന്നതിന്റെ ഭാഗമായി 2026 ജനുവരി ഒന്ന് മുതൽ എമിറാത്തി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമായി വർധിപ്പിക്കാൻ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം തീരുമാനിച്ചു. പൊതുമേഖലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന സ്വദേശികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കാനും ദേശീയ തൊഴിൽ നിലവാരം മെച്ചപ്പെടുത്താനുമാണ് ഗവൺമെന്റിന്റെ ഈ സുപ്രധാന നീക്കം. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും പുറത്തുവിട്ട ഈ ഉത്തരവ്, പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഒരുപോലെ ബാധകമായിരിക്കും.
സ്വദേശി ജീവനക്കാർക്ക് നിശ്ചിത ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ മിനിമം വേതനത്തേക്കാൾ കുറഞ്ഞ ശമ്പളം നൽകുന്ന തൊഴിലുടമകൾക്ക് അത് പരിഷ്കരിക്കാൻ 2026 ജൂൺ 30 വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ശമ്പളം വർധിപ്പിക്കാത്ത പക്ഷം, 2026 ജൂലൈ ഒന്ന് മുതൽ സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. കൂടാതെ, ശമ്പള വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകളെ സ്വദേശിവൽക്കരണ ക്വാട്ടയിൽ നിന്ന് ഒഴിവാക്കുകയും പുതിയ പെർമിറ്റുകൾ നേടുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
The post സ്വദേശിവത്ക്കരണം കടുപ്പിക്കാൻ യുഎഇ; നിയമം ലംഘിച്ചാൽ സ്വകാര്യ കമ്പനികൾക്ക് കടുത്ത പണി വരുന്നു! appeared first on Express Kerala.









