
ലാറ്റിൻ അമേരിക്കയെ നടുക്കിക്കൊണ്ട് വെനിസ്വേലയിൽ റിപ്പോർട്ട് ചെയ്ത ശക്തമായ സ്ഫോടനങ്ങൾക്കു പിന്നാലെ, ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ സൈനിക നടപടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര വാർത്താ വേദികളിലും വൻ ചർച്ചയായി മാറുകയാണ്. വെനിസ്വേലയുടെ തലസ്ഥാനമായ കാർക്കസിൽ പുലർച്ചെ കേട്ട ഉച്ചത്തിലുള്ള സ്ഫോടനങ്ങളും മിസൈൽ ആക്രമണ ശബ്ദങ്ങളുമാണ് ഈ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് വെനിസ്വേല തുറന്നടിച്ചെങ്കിലും, ഇതുവരെ ഔദ്യോഗികമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന അമേരിക്കൻ സർക്കാർ തയ്യാറായിട്ടില്ല.
എന്നാൽ, ഔദ്യോഗിക അംഗീകാരം ഇല്ലാത്ത ഈ ഘട്ടത്തിൽ തന്നെ യൂണൈറ്റഡ് സ്റ്റേയ്റ്റ്സ് സൗത്തേൺ കമാൻഡ് (യുഎസ് സൗത്ത് കമാൻഡ്) പുറത്തുവിട്ട ചിത്രങ്ങൾ കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. വെനിസ്വേല നേരിട്ടുള്ള അമേരിക്കൻ സൈനിക ആക്രമണത്തിന് വിധേയമായെന്ന അവകാശവാദങ്ങൾക്ക് ഈ ചിത്രങ്ങൾ ബലമേകുന്നുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. “പടിഞ്ഞാറൻ അർദ്ധഗോളത്തിലെ അമേരിക്ക ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ സജ്ജമാണ്” എന്ന സന്ദേശത്തോടെയാണ് സൗത്ത് കമാൻഡ് ചിത്രങ്ങൾ പങ്കുവെച്ചത്. പ്രസ്താവനയിലെ വാക്കുകളേക്കാൾ അതിന്റെ സമയക്രമമാണ് ലോകം സംശയത്തോടെ നോക്കുന്നത്.

ചിത്രങ്ങൾ പുറത്തുവന്നത്, പ്യൂർട്ടോ റിക്കോയിലെ മോണ ദ്വീപിനടുത്ത് നടന്ന സംയുക്ത സൈനിക പരിശീലന അഭ്യാസങ്ങളെ കുറിച്ചാണ്. USSOCOM ഉം United States Coast Guard ഉം ചേർന്ന് നടത്തിയ ഈ അഭ്യാസങ്ങൾ ‘ഓപ്പറേഷൻ സതേൺ സ്പിയർ’യുടെ ഭാഗമാണെന്ന് അടിക്കുറിപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു. കാരക്കാസിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് മണിക്കൂറുകൾ മുൻപും പിന്നാലെയും ഈ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്, ഇതൊരു പതിവ് പരിശീലനമല്ല, മറിച്ച് “മൂടിവച്ച മുന്നറിയിപ്പാണോ” എന്ന സംശയം ഉയർത്തുകയാണ്.
ജനുവരി 3 ന് പുലർച്ചെ ഏകദേശം 2 മണിയോടെയാണ് കാരക്കാസിൽ വിമാന ഫ്ലൈഓവറുകൾക്ക് സമാനമായ വലിയ ശബ്ദങ്ങളും സ്ഫോടനങ്ങളും ജനങ്ങൾ കേട്ടത്. കുറഞ്ഞത് ഏഴ് വലിയ സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങളും അന്താരാഷ്ട്ര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. ജനങ്ങൾ ഭീതിയോടെ തെരുവുകളിലേക്ക് ഓടിയിറങ്ങിയതായും, തലസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഒരു പ്രധാന സൈനിക താവളത്തിന് സമീപം വൈദ്യുതി തടസ്സം ഉണ്ടായതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ്, വെനിസ്വേലയ്‌ക്കെതിരെ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രംപ് മുമ്പ് ആവർത്തിച്ച് ഉന്നയിച്ച ഭീഷണികൾ വീണ്ടും ഓർമിപ്പിക്കപ്പെടുന്നത്.
വെനിസ്വേലൻ സർക്കാർ പുറത്തിറക്കിയ ശക്തമായ പ്രസ്താവനയിൽ, ഈ ആക്രമണം ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ, പ്രത്യേകിച്ച് ആർട്ടിക്കിൾ I, II നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, നിയമപരമായ സമത്വം, ബലപ്രയോഗ നിരോധനം എന്നിവയെല്ലാം തകർക്കുന്ന നടപടിയാണിതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ലാറ്റിൻ അമേരിക്കയിലും കരീബിയൻ മേഖലയിലും മാത്രമല്ല, ആഗോളതലത്തിൽ തന്നെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് ഗുരുതര ഭീഷണിയാണെന്നും, ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാണെന്നും വെനിസ്വേല മുന്നറിയിപ്പ് നൽകി.
അതേസമയം, അന്താരാഷ്ട്ര മാധ്യമങ്ങളും വിശകലനങ്ങളും ഈ സംഭവത്തെ വ്യത്യസ്ത കോണുകളിൽ നിന്നാണ് വിലയിരുത്തുന്നത്. WION ഉൾപ്പെടെയുള്ള മാധ്യമങ്ങൾ, “സമാധാന നിർമ്മാതാവ്” എന്ന ഇമേജ് ഉയർത്തിക്കാട്ടുന്ന ട്രംപ് ഭരണകൂടം, യാഥാർത്ഥ്യത്തിൽ സാമ്രാജ്യത്വ ശക്തിപ്രയോഗത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ഔദ്യോഗിക യുദ്ധപ്രഖ്യാപനം ഇല്ലാതെയും, ‘പരിശീലനം’ എന്ന പേരിലുമുള്ള സൈനിക നീക്കങ്ങൾ വഴി സമ്മർദ്ദം ചെലുത്തുന്ന പുതിയ അമേരിക്കൻ തന്ത്രത്തിന്റെ ഉദാഹരണമാണിതെന്ന വിലയിരുത്തലും ശക്തമാകുന്നു.
ഇതെല്ലാം ചേർന്നുനോക്കുമ്പോൾ, ‘ഓപ്പറേഷൻ സതേൺ സ്പിയർ’ ഒരു സാധാരണ സൈനിക അഭ്യാസമാണോ, അതോ വെനിസ്വേലയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കുമുള്ള ഒരു തന്ത്രപ്രധാന മുന്നറിയിപ്പാണോ എന്ന ചോദ്യം ഇപ്പോഴും ഉത്തരം തേടുകയാണ്. കാരക്കാസിലെ സ്ഫോടനങ്ങളുടെ യഥാർത്ഥ ഉത്തരവാദിത്തം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്തതുവരെ, ഈ സംഭവങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയൊരു അനിശ്ചിതത്വത്തിന്റെ അധ്യായമായി തുടരുമെന്നത് വ്യക്തമാണ്.
The post എന്താണ് ഓപ്പറേഷൻ സതേൺ സ്പിയർ? വെനിസ്വേലൻ ആകാശത്ത് പുലർച്ചെ കണ്ടത് മരണദൂതന്മാരെയോ? നടുക്കുന്ന വിവരങ്ങൾ പുറത്ത്! appeared first on Express Kerala.









