താമരശ്ശേരി: ഗൾഫിൽ ജോലിചെയ്തുണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടും സ്വത്തുമെല്ലാം ഭാര്യ തന്റെപേരിലാക്കി, ഗാർഹികാതിക്രമത്തിന് പരാതിയുംകൊടുത്തതോടെ വീട്ടിൽക്കയറാൻ പറ്റാതായ ഭർത്താവ് കൂടോത്രക്കാരനെ സമീപിച്ചു. ഭർത്താവ് ഏൽപ്പിച്ച മന്ത്രവാദി പക്ഷേ വീടുമാറി കൂടോത്രസാധനങ്ങൾ നിക്ഷേപിച്ചത് മറ്റൊരുവീട്ടുപറമ്പിൽ. ആരും കാണില്ലെന്നുകരുതി ചെയ്ത പ്രവൃത്തി പക്ഷേ, സിസിടിവി ക്യാമറയിലൂടെ വീട്ടിനകത്തുണ്ടായിരുന്നവർ കണ്ടു. ഒടുവിൽ കൂടോത്രംചെയ്യാനെത്തിയ ആൾ പിടിയിലുമായി. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിനുസമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചുടലമുക്ക് സ്വദേശിയായ ഒരു യുവാവാണ് കുടുംബപ്രശ്നംതീർക്കാൻ ഈങ്ങാപ്പുഴ കരികുളം സ്വദേശിയായ സുനിൽ എന്നയാളെ ‘കൂടോത്ര’ത്തിനായി സമീപിച്ചത്. […]









