വേദിയിലും സദസിലുമുള്ള ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നമസ്‌കാരം. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നാണ് റിപ്പബ്ലിക്ക് ഡേ. രാജ്യം 77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായാണ് നാം ഒത്തുകൂടിയിരിക്കുന്നത്. ഈ സുദിനത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് ഏറെ അഭിമാനവും സന്തോഷവുമുണ്ട്.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനായി പൂര്‍വികര്‍ നടത്തിയ ത്യാഗോജ്വല പോരാട്ടം അനുസ്മരിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ ബിആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഝാന്‍സി റാണി, അബുള്‍ കലാം ആസാദ് തുടങ്ങിയ ധീര നേതാക്കളുടെ നിതാന്ത പരിശ്രമ ഫലമായാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായത്.
അവരുടെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും മൂലമാണ് ഇന്ന് നമുക്ക് അഭിമാനിക്കത്ത തരത്തില്‍ ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാനായത്. ഇനി റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും പരിശോധിക്കാം. 1950 ജനുവരി 26-നാണ് നമ്മുടെ ഭരണഘടന നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും ഈ ദിവസം റിപ്പബ്ലിക്ക് ദിനമായി രാജ്യം അഭിമാനപൂര്‍വം ആഘോഷിക്കുന്നത്.
ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി നിലകൊള്ളുമെന്ന ആശയമാണ് ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. ഡോ. ബി.ആര്‍.അംബേദ്കറാണ് നമ്മുടെ മഹത്തായ ഭരണഘടനയുടെ ശില്‍പ്പി. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടന. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു.
നാനാത്വത്തില്‍ ഏകത്വമെന്ന ആദര്‍ശം അത് അടിവരയിടുന്നു. ഏകോദര സഹോദരങ്ങളായി തുല്യതയോടെ ജീവിക്കാന്‍ ഭരണഘടന നമ്മോട് ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ വിദ്യാര്‍ഥികളായ നാം നാളെയുടെ പൗരന്‍മാരാണ്. നമ്മിലൂടെയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക. അതിനാല്‍ രാജ്യത്തിന്റെ പ്രയാണത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം നാം ഉള്‍ക്കൊള്ളണം.
ഭരണഘടന മുന്‍നിര്‍ത്തി, നാം ജനാധിപത്യ-മതേതര തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. തുല്യതയ്ക്കായുള്ള അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. നീതി നിര്‍വഹണം സുതാര്യമായി നടപ്പാക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ പിന്നോക്കമായി പോയ ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കും അവരുടെ അവകാശ സംരക്ഷണത്തിനുമായി നാം ഓരോരുത്തരും നിലകൊള്ളണം. വിവേചനങ്ങള്‍ക്കതീതമായി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നാം അണിനിരക്കണം.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടും ഇതര മനുഷ്യരോട് സ്നേഹത്തോട ഇടപെട്ടും സമാധാന പൂര്‍ണമായ സമൂഹത്തിനായി നാം ശബ്ദിക്കണം. രാജ്യ ഭാവി നമ്മില്‍ നിക്ഷിപ്തമായതിനാല്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ നമുക്കാകണം. സമ്പന്നമായ സംസ്‌കാരവും ചരിത്രവും ഇഴചേര്‍ന്നതാണ് ഇന്ത്യ.
പൗരര്‍ ഒത്തൊരുമിച്ചാല്‍ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാന്‍ രാജ്യത്തിനാകും. വിദ്യാഭ്യാസമാണ് പുരോഗതിയുടെ താക്കോലെന്നത് മറക്കരുത്. വിദ്യാര്‍ത്ഥികളെന്ന നിലയില്‍, നാം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം നല്ല വ്യക്തികളായി വളരാന്‍ കൂടി പ്രയത്നിക്കണം. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും തെറ്റിനെതിരെ ശബ്ദിക്കാനും നമുക്ക് കഴിയണം.
നമ്മുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഭയക്കുകയോ മടിക്കുകയോ ചെയ്യേണ്ടതില്ല. സഹായമാവശ്യമുള്ള മനുഷ്യരോട് കനിവോടെയും കരുതലോടെയും ഇടപെടാന്‍ സാധിക്കണം. അത്തരത്തില്‍ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ച ഉറപ്പാക്കാം. രാജ്യ ഭാവി മനോഹരവും അഭിമാന പൂര്‍ണവുമാക്കാന്‍ നമുക്ക് പ്രതിബദ്ധതയോടെ ചുവടുവയ്ക്കാം. ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകള്‍…നന്ദി നമസ്‌കാരം.









