
ന്യൂഡൽഹി: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് വഴിതെളിയുന്നു. അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങിയ ഓപ്പണർ അഭിഷേക് ശർമ കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും മൂലം വിശ്രമത്തിലായതാണ് സഞ്ജുവിന് അരങ്ങേറ്റത്തിന് അവസരമൊരുക്കുന്നത്. പാകിസ്ഥാനെതിരായ നിർണ്ണായക പോരാട്ടം വരാനിരിക്കുന്നതിനാൽ അഭിഷേകിന് പൂർണ്ണ വിശ്രമം നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. മറ്റന്നാൾ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബാറ്റിംഗ് നിരയിലെ ഇടംകൈയന്മാരുടെ ആധിക്യം കുറയ്ക്കാനാണ് സഞ്ജുവിനെ ഉൾപ്പെടുത്തുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ ടോപ് ഓർഡറിലെ ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ്മ എന്നിവരെല്ലാം ഇടംകൈയന്മാരായത് അമേരിക്കൻ ബൗളർമാർക്ക് ഗുണകരമായെന്ന് വിലയിരുത്തലുണ്ട്. സഞ്ജുവിനെപ്പോലൊരു വലംകൈയൻ ബാറ്റർ ഓപ്പണിംഗിൽ എത്തുന്നത് ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകും. പരിക്കുമാറി വാഷിംഗ്ടൺ സുന്ദർ തിരിച്ചെത്തുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, പനി ബാധിച്ച് ആദ്യ മത്സരം നഷ്ടമായ പേസ് കുന്തമുന ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയാൽ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും.
നമീബിയക്കെതിരായ മത്സരം ഫോം വീണ്ടെടുക്കാൻ സഞ്ജുവിന് ലഭിക്കുന്ന സുവർണ്ണാവസരമായാണ് ആരാധകർ കാണുന്നത്. അതേസമയം, ആദ്യ മത്സരത്തിലെ പരാജയം മറികടക്കാൻ അഭിഷേക് ശർമയ്ക്ക് തന്നെ ഒരവസരം കൂടി നൽകാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാൽ സഞ്ജുവിന് വീണ്ടും കാത്തിരിക്കേണ്ടി വരും. എന്തായാലും സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
The post സഞ്ജു സാംസൺ ലോകകപ്പ് അരങ്ങേറ്റത്തിനൊരുങ്ങുന്നു; നമീബിയക്കെതിരെ ഇന്ത്യ മാറ്റങ്ങളുമായി ഇറങ്ങിയേക്കും appeared first on Express Kerala.









