
അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പുറപ്പെട്ട നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിൽ കൗതുകകരമായ ഒരു സാങ്കേതിക തടസ്സം. പേടകത്തിലെ പേഴ്‌സണൽ കംപ്യൂട്ടിങ് ഡിവൈസുകളിൽ ഔട്ട്‌ലുക്ക് തുറക്കാൻ സാധിക്കുന്നില്ലെന്ന് മിഷൻ കമാൻഡർ റീഡ് വൈസ്മാൻ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
താൻ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് സർഫേസ് പ്രോയിൽ രണ്ട് ഔട്ട്‌ലുക്കുകൾ കാണിക്കുന്നുണ്ടെന്നും എന്നാൽ അവയൊന്നും പ്രവർത്തിക്കുന്നില്ലെന്നും വൈസ്മാൻ സന്ദേശമയച്ചു. ഭൂമിയിലുള്ള വിദഗ്ധർക്ക് റിമോട്ടായി സിസ്റ്റത്തിൽ പ്രവേശിച്ച് ഇത് പരിഹരിക്കാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബഹിരാകാശ ദൗത്യങ്ങളിൽ ഇത്തരം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രതീക്ഷിക്കുന്ന ചെറിയ പിഴവുകളിൽ ഒന്നാണിതെന്ന് നാസ വ്യക്തമാക്കി. തുടർന്ന് ഭൂമിയിൽ നിന്ന് തന്നെ വിദഗ്ധർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
സിസ്റ്റം ഓഫ്‌ലൈനായി കാണിക്കുന്നത് സ്വാഭാവികമാണെന്നും ഔട്ട്‌ലുക്കും അനുബന്ധ സോഫ്റ്റ്‌വെയറായ ഒപ്റ്റിമസും ഇപ്പോൾ പ്രവർത്തനസജ്ജമാണെന്നും നാസ പേടകത്തിലേക്ക് മറുപടി നൽകി. അതീവ സങ്കീർണ്ണമായ ബഹിരാകാശ ദൗത്യങ്ങൾക്കിടയിലും ഭൂമിയിൽ നിന്ന് സാങ്കേതിക സഹായം നൽകാൻ കഴിയുമെന്നതിന്റെ തെളിവായി ഈ സംഭവം മാറി. അതേസമയം, ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ എന്തിനാണ് സഞ്ചാരികൾ ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ മൈക്രോസോഫ്റ്റിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ നിറയുന്നുണ്ട്.
The post ആർട്ടെമിസ് 2! ബഹിരാകാശത്ത് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പണിമുടക്കി; ഭൂമിയിൽനിന്ന് ‘റിമോട്ട്’ സഹായവുമായി നാസ appeared first on Express Kerala.








