
സൈപ്രസ്: കാന്‍ഡിഡേറ്റ്സ് കിരീടമോഹവുമായി ആദ്യ റൗണ്ടില്‍ അനീഷ് ഗിരിയെ തോല്‍പിച്ച് കുതിച്ച പ്രജ്ഞാനന്ദയ്‌ക്ക് മൂന്നാം റൗണ്ടില്‍ അടിതെറ്റിയതോടെ ആക്രണോത്സുക ഗെയിം ഉപേക്ഷിച്ചു. സേഫായി സമനില തേടിയുള്ള കളി നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലും സമനില മാത്രം നല്‍കി. ഇതോടെ അഞ്ച് റൗണ്ടില്‍ നിന്നും കിട്ടിയത് വെറും രണ്ടര പോയിന്‍റ് മാത്രം.
അഞ്ചാം റൗണ്ടില്‍ എസിപെങ്കോയുമായുള്ള ഗെയിം സാധാരണ നിലയില്‍ പ്രജ്ഞാനന്ദ ആക്രമിച്ചു കളിച്ചിരുന്നെങ്കില്‍ വന്‍വിജയത്തില്‍ കലാശിക്കുമായിരുന്നു. പക്ഷെ സ്വതസിദ്ധമായ ആക്രമണശൈലി ഉപേക്ഷിച്ച് തോല്‍ക്കാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം കരുനീക്കിയ പ്രജ്ഞാനന്ദ ഗെയിം സമനിലയിലേക്ക് നീക്കുകയായിരുന്നു.
മൂന്നാം റൗണ്ടില്‍ ഉസ്ബെക്ക് താരം ജവോഖിര്‍ സിന്‍ഡൊറോവുമായി നടന്ന മത്സരത്തില്‍ തോറ്റതാണ് പ്രജ്ഞാനന്ദയ്‌ക്ക് ആഘാതമായത്. ജവോഖീര്‍ സിന്‍ഡൊറോവ് അപാരഫോമിലാണ്. അഞ്ച് മത്സരങ്ങളില്‍ ഒരു സമനിലയും നാല് വിജയവുമാണ് ജവോഖീര്‍ സിന്‍ഡൊറോവ് നേടിയത്. പ്രജ്ഞാനന്ദ, ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവര്‍ക്കെതിര ജവോഖീര്‍ സിന്‍ഡൊറോവ് നേടിയ വിജയം ഉജ്ജ്വലമായിരുന്നു. ഇതോടെ എതിരാളികളേക്കാള്‍ രണ്ട് പോയിന്‍റുകള്‍ക്ക് മുന്‍പില്‍ ഒന്നാം സ്ഥാനത്താണ് സിന്‍ഡൊറോവ്.








