
ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗറിൽ നാടിനെ നടുക്കിയ ക്രൂരത. കുടുംബ കലഹത്തെ തുടർന്ന് നാല് വയസ്സുകാരായ ഇരട്ട പെൺകുട്ടികളെ അച്ഛൻ കൊലപ്പെടുത്തി. കരിംനഗർ റൂറൽ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലമാണ് സ്വന്തം മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ഏപ്രിൽ 3ന് വൈകുന്നേരം കുട്ടികളെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഇയാൾ അവിടെയുള്ള കിണറ്റിലേക്ക് അവരെ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ആറ് വർഷം മുൻപായിരുന്നു ശ്രീശൈലത്തിന്റെയും മൗനികയുടെയും വിവാഹം. തനിക്ക് ആൺകുട്ടികൾ ജനിക്കാത്തതിൽ ശ്രീശൈലം ഏറെ അസ്വസ്ഥനായിരുന്നുവെന്നും പെൺകുട്ടികൾ ജനിച്ചത് മുതൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മക്കളെ അപായപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്. കുട്ടികളെ കിണറ്റിലേക്ക് എറിയുന്നതിന് മുൻപ് വിഷം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആദ്യം ഗീതാൻഷിയുടെ മൃതദേഹമാണ് കിണറ്റിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് വിദഗ്ധ നീന്തൽ തൊഴിലാളികളുടെ സഹായത്തോടെ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും പുറത്തെടുത്തു. സംഭവത്തിന് പിന്നാലെ നാട്ടുകാർ ശ്രീശൈലത്തെ പിടികൂടി മർദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ ജനരോഷം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുന്നത്.
The post പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു appeared first on Express Kerala.






