
മാഡ്രിഡ്: റയല്‍ തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് രാത്രി 12.30ന് തീപാറും. സീസണിലെ സ്പാനിഷ് ലാലിഗ പോലും കയ്യാലപുറത്തെ തേങ്ങ എന്ന അവസ്ഥയാണ് റയലിനുള്ളത്. സ്‌പെയിനിലെ മറ്റ് രണ്ട് പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനും സാധിച്ചില്ല. ഈ സ്ഥിതിയില്‍ ഏത് വിധ പോരാട്ടത്തിലൂടെയും ചാമ്പ്യന്‍സ് ലീഗ് മുന്നേറ്റം ടീമിന്റെ അത്യാവശ്യമായിരിക്കുകയാണ്. എതിരാളികളായ ബയേണ്‍ നാട്ടില്‍ പുലികളാണ്. ബുന്ദെസ്‌ലിഗ ഏറെക്കുറേ ഉറപ്പായ സാഹചര്യമാണുള്ളത്. ജര്‍മന്‍ കപ്പ് സെമിയില്‍ പ്രവേശിച്ചതേയുള്ളൂ. 2020ല്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടതിന് ശേഷം ജര്‍മനിക്ക് പുറത്തേക്ക് കരുത്തറിയിക്കാന്‍ ഈ ടീമിന് സാധിച്ചിട്ടില്ല.
അതിനിടെ രണ്ട് വര്‍ഷം മുമ്പ് കുത്തകയാക്കിവച്ചിരുന്ന ബുന്ദെസ്‌ലിഗ നേട്ടം കൈവിട്ടുപോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് തിരിച്ചുപിടിച്ച്, ഇപ്പോള്‍ ജൈത്രയാത്ര തുടരുന്നുണ്ടെങ്കിലും പ്രതാപം വീണ്ടെടുക്കാന്‍ യൂറോപ്യന്‍ കിരീടം തന്നെ വേണം എന്ന വാശി ടീമിനെ പിടികൂടിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ബുന്ദെസ്‌ലിഗ പോരാട്ടം ഫ്രീബര്‍ഗിനെതിരെ 3-2ന് ജയിച്ചപ്പോള്‍ സൂപ്പര്‍ താരം ഹാരി കെയ്‌ന് പരിക്കേറ്റതിന്റെ അങ്കലാപ്പ് ടീമിനൊപ്പമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഹാരി കെയ്ന്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മറുവശത്ത് റയല്‍ കംപ്ലീറ്റ് ടീം ആണ്. എന്നാല്‍ യഥാര്‍ത്ഥ റയലിന്റെ ശക്തിയിലും ശേഷിയിലും ഈ സീസണില്‍ പല അവസരങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കെത്താന്‍ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പോരാടിയപ്പോള്‍ ഒരു പോരായ്‌മയും കണ്ടില്ല. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയെ നിലംതൊടീക്കാതെയാണ് ബയേണ്‍ റയലിനെതിരെ പൊരുതാന്‍ ക്വാര്‍ട്ടറിലേക്ക് പാസെടുത്തിരിക്കുന്നത്.







