
കോഴിക്കോട്: ഫിയസ്റ്റോ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. മാനഞ്ചിറയിലെ ഡോ. സി.ബി.സി മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദിനെ പരാജയപ്പെടുത്തി കെ.എസ്.ഇ.ബി തിരുവനന്തപുരം വനിതകള്‍ ആദ്യ വിജയം സ്വന്തമാക്കി.
ആദ്യ പകുതിയില്‍ 28-37 എന്ന സ്‌കോറിന് പിന്നിലായിരുന്ന കെ.എസ്.ഇ.ബി, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് 68-64 എന്ന സ്‌കോറിന് വിജയിച്ചത്. കെ.എസ്.ഇ.ബിക്ക് വേണ്ടി ശ്രീകല ആര്‍ 20 പോയിന്റുകള്‍ നേടി ടോപ്പ് സ്‌കോററായി. കവിത ആര്‍, അനീഷ ക്ലീറ്റസ് എന്നിവര്‍ 14 പോയിന്റുകള്‍ വീതം നേടി. റെയില്‍വേയ്‌ക്ക് വേണ്ടി പ്രിയങ്ക 19 പോയിന്റും ഹര്‍ഷിത 14 പോയിന്റും നേടി.








