വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു. വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് താപനില അസഹ്യമാകാത്തത്. വേനലിലെ ഉഷ്ണതരംഗമാണ് ഇപ്പോള്‍ മനുഷ്യരെയും മൃഗങ്ങളെയും കാര്‍ഷിക വിളകളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നത്.
അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണത്തേക്കാളും ഉയര്‍ന്ന് നില്‍ക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തപ്പെടുകയും ഇത് കുറേ ദിവസങ്ങളിലേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളിലാണ് സാധാരണയായി ഉഷ്ണതരംഗം അനുഭവപ്പെട്ടുവരുന്നത്.
അന്തരീക്ഷ താപനില കൂടുമ്പോള്‍ ശരീരോഷ്മാവും ഉയരും. ഇത് ആളുകളിലും മൃഗങ്ങളിലും പലവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. മനുഷ്യരും മൃഗങ്ങളും ഈ ഘട്ടത്തില്‍ ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശത്തിന്റെ സാന്നിധ്യം കുറയാതെ നിലനിര്‍ത്തേണ്ടതുണ്ട്.
ദിനംപ്രതി ചൂടേറിവരുമ്പോള്‍ നമ്മുടെ അരുമ മൃഗങ്ങളും പ്രയാസപ്പെടുകയാണ്. അവയ്ക്ക് മതിയായ അളവില്‍ വെള്ളവും വിഹരിക്കാന്‍ തണലും കൂട്ടില്‍ കൃത്യമായ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഇനി പറയുന്നവ അനുവര്‍ത്തിക്കാം.
ജലാംശം ഉറപ്പുവരുത്തുക
ചൂടുകാലത്ത് മനുഷ്യരെ പോലെ മൃഗങ്ങളും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അതിനാല്‍ അരുമ മൃഗങ്ങളുടെ ശരീരത്തില്‍ ജലാംശം ഉറപ്പാക്കുന്നതിനായി കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ശുദ്ധജലം മതിയായ വലിപ്പമുള്ള പാത്രത്തിലൊഴിച്ച് അവയ്ക്ക് നല്‍കാന്‍ ശ്രദ്ധിക്കുക. തീരുന്നതിന് അനുസരിച്ച് പാത്രം നിറച്ചുകൊടുക്കുകയും വേണം.
തണല്‍ നിര്‍ബന്ധം
കനത്ത വെയിലുള്ളപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ തുറസ്സായ പ്രദേശങ്ങളില്‍ വിഹരിക്കാന്‍ വിടരുത്. രാവിലെയോ വൈകുന്നേരമോ താപനില കുറവായിരിക്കുന്ന സമയങ്ങളില്‍ പുറത്തുവിടാം.
വെയിലേറ്റ് കോണ്‍ക്രീറ്റ് തറകള്‍ ചൂടാകുന്നതിനാല്‍ അവയുടെ കാലുകള്‍ക്കും, കിടന്നാല്‍ ശരീരത്തിലും ചൂടേല്‍ക്കുമെന്ന് ഓര്‍ക്കണം. അതിനാല്‍ അത്തരം സമയങ്ങളില്‍ പുല്ലുള്ള ഇടങ്ങളിലൂടെ മാത്രം നടത്തിക്കുക.
വായുസഞ്ചാരം അത്യന്താപേക്ഷിതം
വളര്‍ത്തുമൃഗത്തിന് വിശ്രമിക്കാന്‍ തണുത്തതും തണലുള്ളതുമായ സ്ഥലങ്ങള്‍ ഒരുക്കി നല്‍കുക. കൂട്ടില്‍ ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പുറത്ത് സമയം ചെലവഴിക്കാന്‍ മരത്തണലുള്ള ഇടങ്ങള്‍ മാത്രം പരിഗണിക്കുക. കൂട്ടില്‍ ഫാന്‍ അല്ലെങ്കില്‍ കൂളര്‍ സൗകര്യം വയ്ക്കാനായാല്‍ അത്രയും നല്ലത്.
ഹീറ്റ് സ്ട്രോക്കിനെതിരെ കരുതല്‍
മനുഷ്യരെപ്പോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെടാം. അമിതമായ ശ്വാസംമുട്ടല്‍, ഉമിനീര്‍, അലസത, ഛര്‍ദ്ദി, തളര്‍ച്ച എന്നിവ കാണിക്കുന്നുണ്ടെങ്കില്‍ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാകാം. അത് സംശയിക്കുന്ന ഘട്ടത്തില്‍ മൃഗത്തെ തണലത്തേക്ക് മാറ്റി കുടിക്കാന്‍ വെള്ളം നല്‍കുക. ശരീരത്തില്‍ വെള്ളമൊഴിച്ച് കുളിരുപകരുകയും ചെയ്ത ശേഷം ഡോക്ടറെ സമീപിക്കാം.
വാഹനങ്ങളില്‍ അടയ്ക്കാതിരിക്കുക
ചൂടുകാലത്ത് ഒരിക്കലും വളര്‍ത്തുമൃഗങ്ങളെ വാഹനങ്ങളില്‍ അടച്ച് പോകരുത്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ താപനില മിനിട്ടുകള്‍ക്കുള്ളില്‍ അപകടകരമായ നിലയിലേക്ക് ഉയരും, ഇത് അവയുടെ ശാരീരിക നില തകരാറിലാക്കുകയും ചാകാന്‍ വരെ കാരണമാവുകയും ചെയ്യും. കാറില്‍ നിന്നും മറ്റും ഇറങ്ങുമ്പോള്‍ അവയെ നിങ്ങളോടൊപ്പം കൊണ്ടുപോവുക.
ഭക്ഷണത്തിലും വേണം ശ്രദ്ധ
ഉയര്‍ന്ന താപനിലയുള്ള അവസരങ്ങളില്‍, വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും അതുവഴി തണുപ്പ് നല്‍കാനും ഉതകുന്ന ഭക്ഷണങ്ങള്‍ കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം.
Also Read: ഈ ചൂടുകാലത്ത് പോക്കറ്റ് കീറാതെ നോക്കാം, കാര്‍ സാധാരണ പോലെ കൈകാര്യം ചെയ്താല്‍ പോര
കൂടാതെ ദഹനേന്ദ്രിയത്തിലെ ചൂട് കുറയ്ക്കുന്നതിന് ചെറിയ അളവില്‍ ഇടയ്ക്കിടെ ഭക്ഷണം നല്‍കുന്ന രീതി പിന്‍തുടരുകയും വേണം. കൊഴുപ്പ് കൂടിയതും കനത്തതുമായ ഭക്ഷണം ഒഴിവാക്കുക. പകരം, ചിക്കന്‍ അല്ലെങ്കില്‍ മത്സ്യം പോലുള്ള ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തുക.
കുളിയിലും കരുതല്‍
ചൂടുകാലമല്ലേയെന്ന് കരുതി വളര്‍ത്തുമൃഗങ്ങളെ അമിതമായി കുളിപ്പിക്കേണ്ടതില്ല. അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ (Ice Water) കുളിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതുമില്ല. അത് ഒരുപക്ഷേ അവയുടെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് ഉള്‍പ്പടെ കാരണമായേക്കും. സാധാരണയുള്ള കുളികള്‍ക്ക് പുറമെ നനഞ്ഞ തുണി ഉപയോഗിച്ച് കൈകാലുകള്‍, വയറ്, കക്ഷങ്ങള്‍ എന്നിവ ഇടയ്ക്ക് നനച്ചുകൊടുക്കുന്നത് അവയ്ക്ക് ഏറെ ആശ്വാസം പകരും.






