
സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ താമസക്കാരോടും സന്ദർശകരോടും ദുബായ് താമസ, കുടിയേറ്റ വകുപ്പ് നിർദ്ദേശിച്ചു. അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി സ്വകാര്യ വിവരങ്ങൾ പങ്കിടുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അപരിചിതരിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്കും തിരിച്ചറിയാൻ കഴിയാത്ത ലിങ്കുകൾക്കും പ്രതികരിക്കരുതെന്നും ഇത്തരം ആശയവിനിമയങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നിരന്തരമായ ബോധവൽക്കരണങ്ങൾക്കിടയിലും പലരും തട്ടിപ്പുകൾക്ക് ഇരയാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശങ്ങൾ വീണ്ടും ശക്തമാക്കിയത്. വ്യാജ കോളുകളും സന്ദേശങ്ങളും വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിനായി പ്രത്യേക റിപ്പോർട്ടിങ് സംവിധാനവും വകുപ്പ് ഒരുക്കിയിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘അമർ’ സൈബർ സുരക്ഷാ സേവനം വഴിയോ 8005111 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണ്. സ്വന്തം വിവരങ്ങളുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
Also Read: ആഗോള വിപണിയിൽ ആശങ്ക! സ്വർണവില കുതിച്ചുയരുന്നു, ദുബായിൽ ഗ്രാമിന് 4 ദിർഹം കൂടി
സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് ജി.ഡി.ആർ.എഫ്.എ. ആവർത്തിച്ചു വ്യക്തമാക്കി. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.gdrfadubai.gov.ae), ‘GDRFA DXB’, ‘Dubai Now’ എന്നീ സ്മാർട്ട് ആപ്പുകൾ, കൂടാതെ വെരിഫൈഡ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയിലൂടെ മാത്രം സേവനങ്ങൾ ഉപയോഗിക്കുക. അനൗദ്യോഗിക ലിങ്കുകൾ വഴി സേവനങ്ങൾ തേടുന്നത് ഒഴിവാക്കി സാമ്പത്തികവും വ്യക്തിപരവുമായ നഷ്ടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ജാഗ്രത പാലിക്കണമെന്ന് ദുബായ് സർക്കാർ നിർദ്ദേശിച്ചു.
The post സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത: താമസക്കാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ജി.ഡി.ആർ.എഫ്.എ appeared first on Express Kerala.









