
ചെന്നൈ: ഫിഡെ വനിതാ കാന്‍ഡിഡേറ്റ്‌സ് 2026 ഫൈനല്‍ വിജയിയായ ഭാരത താരം ആര്‍. വൈശാലി മത്സരശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി. ചൈന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയോടെ എത്തിയ താരത്തിന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്.
തെരഞ്ഞെടുപ്പ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്വീകരണ പരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല. വൈശാലി പഠിച്ചിരുന്ന വേലമ്മാള്‍ സ്‌കൂളില്‍ നിന്ന് 50 വിദ്യാര്‍ത്ഥികളടങ്ങിയ സംഘമാണ് വരവേല്‍ക്കാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. അച്ഛന്‍ രമേഷ് ബാബുവും വൈശാലിക്കൊപ്പം ഉണ്ടായിരുന്നു.
സൈപ്രസില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ജേതാവ് കാട്ടരീന ലാഗ്നോയെ കീഴടക്കിയാണ് വൈശാലി ജേതാവായത്. ഇതോടെ ലോക പോരാട്ടത്തിലേക്ക് യോഗ്യത നേടാനും വൈശാലിക്ക് സാധിച്ചു. ലാഗ്നോയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് വൈശൈലിക്ക് നേരിടേണ്ടി വന്നത്.






