
കൊച്ചി: സീസണില്‍ ആദ്യ ഐഎസ്എല്‍ ഹോം മാച്ച് വിജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തന്‍ ജംഷെഡ്പുരിനെതിരെ നേടിയത് 2-0ന്റെ തകര്‍പ്പന്‍ ജയം. വിജയഗോളുകള്‍ നേടി മലയാളി താരങ്ങളായ നിഹാല്‍ സുധീഷും വിബിന്‍ മോഹനനും കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് ഇരട്ടിവീര്യം പകര്‍ന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പന്തിനുമേല്‍ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് 12-ാം മിനിറ്റില്‍ ലീഡെടുത്തു. കെവിന്‍ യോക്ക് നല്‍കിയ മനോഹരമായ ത്രൂ ബോള്‍ സ്വീകരിച്ച ബെനാരിഫ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് യുവതാരം നിഹാല്‍ സുധീഷ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിനിടെ പരിക്കേറ്റ കരീം ബെനാരിഫിന് പകരം വിബിന്‍ മോഹനന്‍ കളത്തിലിറങ്ങിയത് ടീമിന് മറ്റൊരു വഴിത്തിരിവായി. 36-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിനായി വിബിന്‍ വല കുലുക്കിയത്. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിനുള്ളിലേക്ക് വന്ന ക്രോസ് വിബിന്‍ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ജംഷഡ്പൂര്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ഗോള്‍കീപ്പര്‍ അര്‍ഷ് ഷെയ്ഖിന്റെ ആത്മവിശ്വാസത്തോടെയുള്ള സേവുകള്‍ കൂടി ചേര്‍ന്നപ്പോള്‍ അപകടം ഒഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. 84-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം എസെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ആതിഥേയര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. പത്ത് പേരുമായി ചുരുങ്ങിയ ജംഷഡ്പൂരിനെതിരെ അവസാന നിമിഷങ്ങളിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം തുടര്‍ന്നു.
ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ ടീം കാഴ്ചവെക്കുന്ന അച്ചടക്കമുള്ള ഫുട്‌ബോളിന്റെ പ്രതിഫലനമായിരുന്നു ഈ വിജയം. അടുത്ത വ്യാഴാഴ്‌ച്ച കലൂര്‍ സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.







