
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭജന പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ച സംഭവത്തിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്. ക്ഷേത്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്കുള്ള നന്ദി പ്രകടനമായാണ് ‘ഈ പരദേവനഹോ’ എന്ന ഗാനം പാടിയതെന്ന് സംഘം വ്യക്തമാക്കി.
സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെയാണ് ഗാനം അവതരിപ്പിച്ചത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ക്ഷേത്ര പുനർനിർമ്മാണത്തിൽ പങ്കാളികളായിരുന്നു. അവർക്കുള്ള ആദരവായി ആ നിമിഷത്തെ കണ്ടാൽ മതിയാകും. ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും, ഭക്തിയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് സംഗീതത്തിലൂടെ നൽകാൻ ശ്രമിച്ചതെന്നും നന്ദഗോവിന്ദം ഭജൻസ് കുറിപ്പിൽ പറഞ്ഞു. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഭജന അവതരിപ്പിച്ചത്. എന്നിരുന്നാലും, ഈ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ വികാരം അംഗീകരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഇവരുടെ മതാതീതമായ നിലപാടിനെ പുകഴ്ത്തുമ്പോൾ, ക്ഷേത്ര ആചാരങ്ങൾക്ക് നിരക്കാത്തതാണ് ഇതെന്ന രീതിയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.
The post ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് appeared first on Express Kerala.






