
മുംബൈ: ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണിന്റെ സംഹാരതാണ്ഡവം. വിക്കറ്റിന് ചുറ്റും റൺമഴ പെയ്യിച്ച ഇന്നിങ്സിലൂടെ മുംബൈയുടെ ഹോം ഗ്രൗണ്ടിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് സഞ്ജു. ഐപിഎല്ലിന്റെ 19 വർഷത്തെ നീണ്ട ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം എന്ന സുവർണ്ണ നേട്ടമാണ് താരം സ്വന്തമാക്കിയത്.
ടി20 കരിയറിലെ എട്ടാം സെഞ്ച്വറിയും ഐപിഎല്ലിലെ അഞ്ചാം സെഞ്ച്വറിയുമാണ് ഈ മത്സരത്തിലൂടെ സഞ്ജുവിന്റെ അക്കൗണ്ടിലെത്തിയത്. ഇതോടെ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ടി20 സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്താൻ (8 സെഞ്ച്വറി) സഞ്ജുവിനായി. വിരാട് കോലിയും അഭിഷേക് ശർമ്മയും (9 വീതം) മാത്രമാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.
Also Read:ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ; അന്താരാഷ്ട്ര ടി20യിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്യാപ്റ്റൻ
ഒരു സീസണിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാം ചെന്നൈ താരം എന്ന റെക്കോർഡും സഞ്ജു ഷെയ്ൻ വാട്സണൊപ്പം പങ്കിട്ടു. മുരളി വിജയ്, റുതുരാജ് ഗെയ്ക്‌വാദ് എന്നിവർക്ക് ശേഷം ചെന്നൈ ജേഴ്സിയിൽ രണ്ട് സെഞ്ച്വറികൾ തികയ്ക്കുന്ന അപൂർവ്വ താരമായും സഞ്ജു മാറി.
മുംബൈ പേസർമാരെ ലക്ഷ്യം വെച്ചായിരുന്നു സഞ്ജുവിന്റെ ആക്രമണം. നേരിട്ട 40 പന്തുകളിൽ നിന്ന് 83 റൺസാണ് പേസർമാർക്കെതിരെ മാത്രം സഞ്ജു അടിച്ചുകൂട്ടിയത്. എന്നാൽ സ്പിന്നർമാർക്കെതിരെ അനാവശ്യ റിസ്ക് എടുക്കാതെ കരുതലോടെ കളിച്ച താരം 14 പന്തിൽ 18 റൺസ് നേടി ഇന്നിങ്സ് സുരക്ഷിതമാക്കി. ഈ തകർപ്പൻ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് സഞ്ജു കുതിച്ചെത്തി.
The post മുംബൈ കടലിൽ ‘സഞ്ജു’ കൊടുങ്കാറ്റ്; റെക്കോർഡുകൾ കടപുഴക്കി ചെന്നൈയുടെ മലയാളി നായകൻ! appeared first on Express Kerala.









