
മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍
മെക്‌സിക്കോയിലെ മോണ്ടെറി സ്റ്റേറ്റില്‍ ഗ്വാഡല്യൂപ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൈതാനം. ബിബിവിഎ എന്ന പേര് കേട്ടാല്‍ ഒരു ബാങ്ക് ആണെന്ന് വിചാരിച്ചുപോയേക്കാം. വാസ്തവത്തില്‍ സ്‌പെയിനില്‍ നിന്നുള്ളൊരു ബാങ്കിന്റെ പേരാണ് ഇത്. മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന ബിബിവിഎ ശാഖയെ അനുസ്മരിച്ചാണ് ഈ പേരിട്ടത്. 51,000 കാഴ്‌ച്ചക്കാര്‍ക്ക് ഇരിക്കാനാകും. 2015ലാണ് ഉദ്ഘാടനം ചെയ്തത്. അധിക കാലമായിട്ടില്ലാത്തതിനാല്‍ വലിയ ചരിത്രം അവകാശപ്പെടാനില്ല. 2022 കോന്‍കകാഫ് വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആണ് ഇവിടെ നടന്നിട്ടുള്ള പ്രസിദ്ധമായ മത്സരം. 2022 ജൂലൈ 18ന് നടന്ന മത്സരത്തില്‍ കാനഡയെ 1-0ന് തോല്‍പ്പിച്ച് അമേരിക്കന്‍ വനിതകള്‍ ജേതാക്കളായി. ഫൈനലടക്കം ചാമ്പ്യന്‍ഷിപ്പിലെ എട്ട് മത്സരങ്ങളാണ് ഇവിടെ നടന്നത്.
മെക്‌സിക്കോയില്‍ നിന്നുള്ള മറ്റൊരു വേദി ഷിവാസ്, ഒംനിലിഫെ എന്നീ പേരുകളില്‍ മുമ്പ് അറിയപ്പെട്ടിരുന്ന അക്രോന്‍ സ്‌റ്റേഡയം ആണ്. ജാലിസ്‌കോ സ്‌റ്റേറ്റില്‍ ഗ്വാഡലജാറാ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു. 2010 കോപ്പ ലിബര്‍ട്ടാഡോഴ്‌സിന് വേദിയായിട്ടുണ്ട്. ഇവിടെ നടന്നിട്ടുള്ള മൂന്ന് അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ആതിഥേയരായ മെക്‌സിക്കോ ജയിച്ചിട്ടുള്ളൂ. 2024ല്‍ അമേരിക്കയ്‌ക്കെതിരെ 2-0ന്. 2010ല്‍ ഇക്വഡോറിനോട് ഏറ്റുമുട്ടി 1-2ന് പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഇക്വഡോറിനോട് കൊമ്പുകോര്‍ത്തെങ്കിലും ജയിച്ചില്ല(1-1)
ലോകകപ്പ് യോഗ്യതയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിന് വേദിയായത് അക്രോന്‍ മൈതാനമാണ്. കഴിഞ്ഞ മാസം 31ന് കോംഗോയോട് തോറ്റ് ജമൈക്കയാണ് യോഗ്യത നേടാതെ പോയിരുന്നു.
അക്രോനിലെ ലോകകപ്പ് മത്സരങ്ങള്‍
ജൂണ്‍ 11: ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക്(ഗ്രൂപ്പ് എ)
ജൂണ്‍ 18: മെക്‌സിക്കോ-ദക്ഷിണ കൊറിയ(ഗ്രൂപ്പ്എ)
ജൂണ്‍ 23: കൊളംബിയ-കോംഗോ(ഗ്രൂപ്പ് കെ)
ജൂണ്‍ 26: ഉറുഗ്വേ-സ്‌പെയിന്‍(ഗ്രൂപ്പ് എച്ച്)
ബിബിവിഎയിലെ ലോകകപ്പ് മത്സരങ്ങള്‍
ജൂണ്‍ 14: സ്വീഡന്‍-ടുണീഷ്യ(ഗ്രൂപ്പ് എഫ്)
ജൂണ്‍ 20: ടുണീഷ്യ-ജപ്പാന്‍(ഗ്രൂപ്പ് എഫ്)
ജൂണ്‍ 24: ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ(ഗ്രൂപ്പ് എ)
ജൂണ്‍ 29: റൗണ്ട് ഓഫ് 32









