
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചു. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം എണ്ണ ഇറക്കുമതിയിൽ 17 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഇത്തവണ അത് 18.9 ദശലക്ഷം ടണ്ണായി ചുരുങ്ങിയെന്ന് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം ആരംഭിച്ചതോടെ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് ഗണ്യമായി കുറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാൻ റഷ്യ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നുണ്ടെങ്കിലും ആഗോള വിപണിയിലെ വിലക്കയറ്റം വെല്ലുവിളിയാകുന്നു. 2026 ഫെബ്രുവരിയിൽ വീപ്പയ്ക്ക് 69.01 ഡോളറായിരുന്ന എണ്ണവില മാർച്ചിൽ 113.49 ഡോളറായാണ് ഉയർന്നത്. ഇത് ഇറക്കുമതി അളവ് കുറയാൻ പ്രധാന കാരണമായി.
ഇറക്കുമതിക്കൊപ്പം ആഭ്യന്തര എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 24.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അധിക തീരുവ ഏർപ്പെടുത്തിയതും ആഗോള വിപണിയിലെ അസ്ഥിരതയുമാണ് ഇതിന് കാരണമായത്. നിലവിൽ രാജ്യത്തെ വാർഷിക എണ്ണ ഉത്പാദനം 28 ദശലക്ഷം ടണ്ണിലേക്ക് താഴ്ന്നതും ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്.
The post എണ്ണ ഇറക്കുമതിയിൽ 17 ശതമാനം ഇടിവ്; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു? appeared first on Express Kerala.









