
ഹോര്‍സെന്‍: ബാഡ്മിന്റണിന്റെ ലോക ചാമ്പ്യന്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോമസ് ആന്‍ഡ് ഊബര്‍ കപ്പില്‍ ഭാരതം ഇന്ന് പോരടിച്ചു തുടങ്ങും. ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലാണ് മത്സരങ്ങള്‍. പുരുഷന്‍മാര്‍ക്കായുള്ള തോമസ് കപ്പില്‍ ലക്ഷ്യാ സെന്‍ ആണ് ഭാരത്തെ നയിക്കുന്നത്. വനിതകള്‍ക്കായുള്ള ഊബര്‍കപ്പില്‍ രണ്ട് വട്ടം ഒളിംപിക്‌സ് മെഡല്‍ സ്വന്തമാക്കിയ പി.വി. സിന്ധുവും.
പെണ്‍പടയ്‌ക്ക് ദൗര്‍ബല്യങ്ങളേറെ
പി.വി. സിന്ധു കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി മങ്ങിയ നിലയിലാണ്. മാത്രമല്ല ടീം ഹോര്‍സെനിലേക്ക് പറക്കാനിരിക്കെ മുന്‍നിര വനിതാ ഡബിള്‍സ് സഖ്യം ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യം പരിക്ക് കാരണം പിന്‍മാറുകയും ചെയ്തു. കപിപ്രിയ സെല്‍വം-സിംറാന്‍ സിങ്ങി ആണ് ഇവരുടെ വിടവ് നികത്തുക രണ്ടാം ഡബിള്‍സ് കളിക്കേണ്ടിവന്നാല്‍ പ്രിയ കോഞ്ചെങ്ബാം-ശ്രുതി മിശ്ര സഖ്യത്തെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധുവിന് പുറമെ മറ്റ് സിംഗിള്‍സ് താരങ്ങളായി കൂടെയുള്ളത് ദേവിക സിഹാഗും ഉനാറ്റി ഹൂഡയും ആണ്.
ഇന്ന് വൈകീട്ട് 3.30ന് ആതിഥേയരായ ഡെന്‍മാര്‍ക്കിനെതിരെയാണ് ഊബര്‍ കപ്പില്‍ ഭാരതത്തിന്റെ ആദ്യ മത്സരം, നാളെ ഉക്രൈനെതിരെയും തിങ്കളാഴ്‌ച്ച ചൈനയ്‌ക്കെതിരെയുമാണ് ഭാരതത്തിന്റെ മറ്റ് പ്രാഥമിക റൗണ്ട് ഊബര്‍ കപ്പ് പോരാട്ടങ്ങള്‍.








