‘സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ…’ കാലം എത്ര മാറിയാലും പുതിയ കണ്ഠങ്ങളിൽ നിന്നും ഉയരുന്ന ഈ മുദ്രാവാക്യം ഇന്നും പ്രസക്തമാണ്. അസമത്വങ്ങളും അനീതികളും നിറഞ്ഞ ലോകത്തിൽ, സാധാരണക്കാരൻ ജീവിക്കാൻ പോരാടിയ കാലഘട്ടത്തിൽ നിന്നാണ് ഈ ശബ്ദം ഉയർന്നത്.
വയറ് നിറക്കാൻ പോലും ബുദ്ധിമുട്ടിയ തൊഴിലാളികൾക്ക് മനുഷ്യനെന്ന ബഹുമാനം നേടിക്കൊടുത്ത പോരാട്ടങ്ങളുടെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വ്യക്തിജീവിതം എന്നിങ്ങനെയുള്ള അടിസ്ഥാന അവകാശങ്ങൾ പോലും കടുത്ത സമരങ്ങളിലൂടെ നേടിയെടുത്തവയാണ്. അന്ന് ഈ സമരങ്ങളെ അടിച്ചമർത്താൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ ശ്രമിച്ചു. ഇന്ന് കാലം മാറിയെങ്കിലും, പ്രശ്നങ്ങളുടെ സ്വഭാവം പലപ്പോഴും അതേപോലെയാണെന്ന് തോന്നിപ്പിക്കുന്നു.
ഇന്നും പ്രസക്തമായ തൊഴിലാളി പ്രശ്നങ്ങൾ
2026-ൽ നിൽക്കുമ്പോഴും തൊഴിലാളി അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ഉയരുന്നത്, തൊഴിൽ മേഖലയിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുവെന്നതിന് ഉദാഹരണമാണ്. ലേബർ കോഡുകൾ, തൊഴിൽ സുരക്ഷ, വേതനം, ജോലി സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ തൊഴിലാളി സംഘടനകൾ ഉയർത്തിക്കാട്ടുന്നുണ്ട്. ചിലർ ഈ നിയമങ്ങൾ പരിഷ്‌കരണങ്ങളാണെന്ന് കാണുമ്പോൾ, മറ്റുചിലർ അത് തൊഴിലാളി അവകാശങ്ങൾക്ക് തിരിച്ചടിയാണെന്ന് വിലയിരുത്തുന്നു.
തൊഴിലവസരങ്ങളുടെ അഭാവം, കരാർ ജോലികളുടെ വർധനം, പൊതു മേഖലാ സ്ഥാപനങ്ങളിലെ മാറ്റങ്ങൾ എന്നിവയും വ്യാപകമായ ചർച്ചകൾക്ക് ഇടയാക്കുന്ന വിഷയങ്ങളാണ്. സാമ്പത്തിക വളർച്ചയോടൊപ്പം സമ്പത്ത് വിഭജനത്തിൽ അസമത്വം കൂടുകയാണെന്ന ആശങ്കയും പലരും ഉന്നയിക്കുന്നു.
തൊഴിലാളികളുടെ പങ്ക് മറക്കാനാകില്ല
ഒരു രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം തൊഴിലാളികളാണ്. റോഡുകൾ മുതൽ കെട്ടിടങ്ങൾ വരെ, കൃഷി മുതൽ വ്യവസായം വരെ എല്ലായിടത്തും അവരുടെ പരിശ്രമത്തിന്റെ അടയാളങ്ങളുണ്ട്. അതുകൊണ്ടുതന്നെ, തൊഴിലാളികൾ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ അത് കേൾക്കുകയും സംവദിക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. മെയ് ദിനം ഒരു ആഘോഷം മാത്രമല്ല, അത് ഒരു ഓർമ്മപ്പെടുത്തലാണ്. അധ്വാനത്തിന്റെ വിലയും, അവകാശങ്ങളുടെ പ്രാധാന്യവും, സമത്വത്തിനായുള്ള പോരാട്ടവും നമ്മെ വീണ്ടും ചിന്തിപ്പിക്കുന്ന ദിനം.
തൊഴിലാളി ദിനത്തിന്റെ ചരിത്രം
എല്ലാവർഷവും മെയ് 1-നാണ് ലോകമെമ്പാടും തൊഴിലാളി ദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ അടിത്തറയായ തൊഴിലാളികളുടെ അവകാശങ്ങളെ ഓർമ്മിപ്പിക്കാനും അവരുടെ സംഭാവനകൾക്ക് യഥാർത്ഥ അംഗീകാരം നൽകാനുമാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്.
തൊഴിലാളി ദിനത്തിന്റെ വേരുകൾ പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. 1884-ൽ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബർ യൂണിയനുകൾ തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറാക്കി ചുരുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു.
ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതോടെ 1886-ൽ വലിയ സമരങ്ങൾ അരങ്ങേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്‌ക്വയറിൽ നടന്ന പ്രതിഷേധം ചരിത്രപ്രസിദ്ധമായ ഹേ മാർക്കറ്റ് കലാപമായി മാറിയത്. സമാധാനപരമായ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനവും തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലും രക്തച്ചൊരിച്ചിലിലേക്ക് വഴിമാറി. ഈ സംഭവം ലോകമെമ്പാടുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും, തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് ഒരു തിരിഞ്ഞുനോട്ടമായി മാറുകയും ചെയ്തു. പിന്നീട് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. 1890-ൽ ആദ്യമായി ഔദ്യോഗികമായി തൊഴിലാളി ദിനം ആചരിച്ചു.
തൊഴിലാളി ദിനത്തിന്റെ പ്രാധാന്യം
രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും പിന്നിലെ പ്രധാന ശക്തിയാണ് തൊഴിലാളികൾ. അവരുടെ അധ്വാനമാണ് സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന്റെ അടിസ്ഥാനം. ഈ ദിനം തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും, ചൂഷണത്തിനെതിരെ അവരെ സംരക്ഷിക്കാനും, മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാനും പ്രചോദനം നൽകുന്നു. അതോടൊപ്പം, തൊഴിലാളികളുടെ പരിശ്രമത്തെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ ദിനം ഓർമ്മിപ്പിക്കുന്നു.
ആഘോഷങ്ങൾ
ലോകത്തിലെ പല രാജ്യങ്ങളിലും തൊഴിലാളി ദിനം ദേശീയ അവധിയായാണ് ആചരിക്കുന്നത്. തൊഴിലാളികളുടെ സംഭാവനകൾ പ്രമേയമാക്കി സെമിനാറുകളും റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നു. പോസ്റ്ററുകൾ, ബാനറുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.






