
മാഡ്രിഡ്: കാലിന് പരിക്കേറ്റത് ശരി തന്നെ പക്ഷെ സ്‌പെയിന്റെ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും സൂപ്പര്‍ താരം ഡാനി കര്‍വഹാല്‍ ഉണ്ടായിരിക്കുമെന്ന് പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യെന്റെ. വലത് കാല്‍പാദത്തിന് പരിക്കേറ്റ കര്‍വാഹല്‍ നിലവില്‍ വിശ്രമത്തിലാണ്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പ്രധാന താരമായ ഇദ്ദേഹം ലാലിഗയിലെ നിര്‍ണായക ഘട്ടമായിട്ട് പോലും പരിക്ക് കാരണം കളിക്കുന്നില്ല.
പരിക്ക് അത്ര വലിയ ഗുരുതരമല്ലെന്നാണ് സ്പാനിഷ് ടീം കോച്ച് ലാ ഫ്യെന്റെ പറയുന്നത്. എന്നാല്‍ ഭേദമാകാന്‍ സമയമെടുക്കും. അതാണ് ആശങ്കയുയര്‍ത്തുന്നത്. സ്‌പെയിന്റെ നായകനായി നിശ്ചയിച്ചിട്ടുള്ളത് കര്‍വഹാലിനെയാണ്. 34കാരനായ താരത്തിന്റെ പരിചയ സമ്പത്ത് ലോകകപ്പില്‍ ടീമിന് തീര്‍ച്ചയായും വേണം. മാത്രമല്ല പ്രകടന മികവില്‍ ഈ പ്രായത്തിലും ഒട്ടും പിറകിലല്ല കര്‍വഹാല്‍ എന്ന് കോച്ച് പറയുന്നു.
അടുത്ത മാസം 11ന് ആരംഭിക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സ്‌പെയിന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജൂണ്‍ 15ന് ആദ്യ മത്സരത്തില്‍ പുതുമുഖ ടീം കേപ് വെര്‍ദെയെ നേരിടും. ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യയും ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ഉറുഗ്വേയും ആണ് ഗ്രൂപ്പില്‍ സ്‌പെയിന്റെ മറ്റ് എതിരാളികള്‍.









