മുംബൈ: ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ അള്‍ട്ര വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഐഫോണ്‍ 18 സീരീസിനൊപ്പം സെപ്റ്റംബറില്‍ ഈ മോഡലും ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് (Apple iPhone Ultra Foldable).
രണ്ട് നിറങ്ങളില്‍ മാത്രം ലഭ്യമാകുന്ന ഫോള്‍ഡബിള്‍ ഫോണായിരിക്കും ഐഫോണ്‍ അള്‍ട്രയെന്നാണ് വിവരം. ഡീപ് ഇന്‍ഡിഗോ, സില്‍വര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും (Apple iPhone Ultra).
ഒരു ഐപാഡ് മിനിയുടെ വലിപ്പമുളള ബുക്ക് സ്‌റ്റൈല്‍ ഡിസൈനിലാകും ഈ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈറ്റാനിയം ബോഡിയും മടക്കുകള്‍ ദൃശ്യമാകാത്ത ക്രീസ് ഫ്രീ ഡിസ്പ്ലേയുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
ഫോണ്‍ മടക്കുമ്പോള്‍ 5.5 ഇഞ്ച് വലിപ്പമുളള ചെറിയ സ്‌ക്രീനായും തുറക്കുമ്പോള്‍ 7.8 ഇഞ്ച് വലിപ്പമുളള വലിയ ഡിസ്പ്ലേയായും ഇത് മാറും. ആപ്പിളിന്റെ എറ്റവും പുതിയ എ20 പ്രോ ചിപ്പും സി2 സെല്ലുലാര്‍ മോഡവുമാകും ഫോണിലുണ്ടാവുക.
ഇതേ ചിപ്പ് മോഡം ഫീച്ചറുകള്‍ സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 18 പ്രോയിലും പ്രതീക്ഷിക്കുന്നു. 12 ജിബി റാം, IPDDR5 എന്നിവയും സാങ്കേതിക മേന്മകളിലുണ്ടാവും. 12 ജിബി റാം കരുത്തുളള ഐഫോണ്‍ അള്‍ട്ര ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും പ്രവര്‍ത്തിക്കുക.
മള്‍ട്ടി ടാസ്‌കിങ്ങിന് മുന്‍ഗണന നല്‍കുന്ന സോഫ്റ്റ്‌വെയർ ലേഔട്ട് ആയിരിക്കും ആപ്പിളിന്റെ പ്രഥമ ഫോള്‍ഡബിള്‍ ഫോണിലുണ്ടാവുക. സുരക്ഷയ്ക്കായി ഫേസ് ഐഡിക്ക് പകരം പവര്‍ ബട്ടണില്‍ ഘടിപ്പിച്ച ടച്ച് ഐഡി സെന്‍സര്‍ ആയിരിക്കും ഇതിലുണ്ടാവുകയെന്നും വിവരമുണ്ട്.
ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവയ്ക്ക് സമാനമായിരിക്കും ഈ സാങ്കേതികത. 48 മെഗാപിക്സലിന്റെ മെയിന്‍ സെന്‍സറും 48 മെഗാപിക്സലിന്റെ തന്നെ അള്‍ട്രാ വൈഡ് ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഐഫോണ്‍ അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നത്.
സെല്‍ഫി പ്രേമികള്‍ക്കായി ഇരു ഡിസ്പ്ലേകളിലും 18 മെഗാപിക്സലിന്റെ ഹോള്‍ പഞ്ച് ക്യാമറകള്‍ ഉണ്ടാവും. എന്നാല്‍ വിശാലമായ സൂം ഫീച്ചറോടെയുളള ടെലിഫോട്ടോ ലെന്‍സ് ഫോണിലുണ്ടാവില്ല.
ഐഫോണ്‍ ഫോള്‍ഡിന്റെ പ്രതീക്ഷിത ബാറ്ററി ശേഷി
5500 mAh മുതല്‍ 5800 mAh വരെയുള്ള ബാറ്ററി ശേഷിയോടെയാണ് ഐഫോണ്‍ ഫോള്‍ഡ് എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ അത് ഇതുവരെയുള്ള ഒരു ഐഫോണിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയാണ്.
വലിയ ഡിസ്പ്ലേകള്‍ക്ക് സാധാരണയായി കൂടുതല്‍ ഊര്‍ജം അനിവാര്യമാണ്. കൂടാതെ ഉപകരണത്തിന്റെ മടക്കാവുന്ന രൂപകല്‍പ്പന കണക്കിലെടുക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും പ്രധാനമാണ്.
ഡിസ്‌പ്ലേ സവിശേഷതകള്‍ ഇങ്ങനെ
സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് പോലുള്ള എതിരാളികളേക്കാള്‍ മികച്ച ഫോം ഫാക്ടറുള്ള ഒരു ബുക്ക്-സ്‌റ്റൈല്‍ ഡിസൈന്‍ ഐഫോണ്‍ ഫോള്‍ഡില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
7.8 ഇഞ്ച് ഇന്റേണല്‍ ഡിസ്പ്ലേയും 5.5 ഇഞ്ച് എക്സ്റ്റേണല്‍ ഡിസ്പ്ലേയും മെച്ചപ്പെട്ട ഈടുനില്‍പ്പിനായി ഒരു ലിക്വിഡ് മെറ്റല്‍ ഹിഞ്ചും ഇതിലുണ്ടാകും. കൂടാതെ, സൈഡ്-മൗണ്ടഡ് ടച്ച് ഐഡി മാത്രം പ്രയോഗിക്കുകയും ഫേസ് ഐഡി ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്.
ഐഫോണ്‍ ഫോള്‍ഡിന് ഇന്ത്യയിലെ വില
ആപ്പിളിന്റെ ചരിത്രത്തിലെ എറ്റവും വില കൂടിയ ഫോണായിരിക്കും ഐഫോണ്‍ അള്‍ട്ര. ഇതിന്റെ വില ഏകദേശം 2000 ഡോളര്‍ (ഏകദേശം 1.9 ലക്ഷം രൂപ) കടക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയില്‍ എത്തുമ്പോള്‍ നികുതികള്‍ ഉള്‍പ്പടെ 2.25 ലക്ഷം രൂപയ്ക്ക് അടുത്ത് എത്തിയേക്കാം. ഐഫോണ്‍ അള്‍ട്രയ്ക്കൊപ്പം ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് എന്നീ രണ്ട് ഫോണ്‍ മോഡലുകളും പ്രതീക്ഷിക്കാം.






