
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം കേരളത്തിലെ മുഴുവൻ എം.എൽ.എമാരും ഉറച്ചുനിൽക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. എം.എൽ.എമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഹൈക്കമാൻഡിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ രീതിയിലാണ് അന്തിമ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് അക്കാര്യത്തിൽ വ്യക്തമായ വിവരമില്ലെന്നായിരുന്നു ദീപാ ദാസ് മുൻഷിയുടെ മറുപടി. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ എന്ന നിലയിൽ തങ്ങൾ ദൗത്യം പൂർത്തിയാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ തീയതി ഉടൻ തീരുമാനിക്കും. വൈകുന്നേരം തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ ദീപാ ദാസ് മുൻഷിയും നിരീക്ഷകരും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കും. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും സജീവമായി പരിഗണിച്ചിരുന്നെങ്കിലും അന്തിമ വിജയം സതീശനൊപ്പം നിൽക്കുകയായിരുന്നു.
The post തീരുമാനം ഹൈക്കമാൻഡിന്റേത്, എംഎൽഎമാർ ഒപ്പം നിൽക്കും; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ദീപാ ദാസ് മുൻഷി appeared first on Express Kerala.






