
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ ടൊവിനോ തോമസ് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സാംകുട്ടി എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന വില്ലനായാണ് ടൊവിനോ വെള്ളിത്തിരയിൽ നിറയുന്നത്. ഇതിനോടകം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ ടൊവിനോയുടെ വില്ലൻ വേഷത്തെക്കുറിച്ച് ബേസിൽ ജോസഫ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. വില്ലൻ കഥാപാത്രത്തിലേക്ക് ആദ്യം മറ്റൊരു നടനെയായിരുന്നു പരിഗണിച്ചിരുന്നതെന്ന് ബേസിൽ വെളിപ്പെടുത്തി. എന്നാൽ പിന്നീട് ടൊവിനോ ഈ വേഷം ചെയ്താൽ നന്നായിരിക്കും എന്ന ചിന്തയിൽ നിന്നാണ് കാസ്റ്റിംഗിൽ മാറ്റം വരുത്തിയത്. ടൊവിനോ ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമായതുകൊണ്ട് തന്നെ ഇത് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ബേസിൽ വ്യക്തമാക്കി.
ടൊവിനോയെപ്പോലൊരു വലിയ താരം വില്ലൻ വേഷം ചെയ്യാൻ സമ്മതിക്കുമ്പോൾ ആ കഥാപാത്രത്തോട് നീതി പുലർത്തേണ്ടതുണ്ടെന്നും ബേസിൽ പറഞ്ഞു. ടൊവിനോ ടീമിലേക്ക് വന്നതോടെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയും ആ വില്ലൻ വേഷത്തെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയും ചെയ്തു. വെറുമൊരു കാസ്റ്റിംഗിന് വേണ്ടി മാത്രം താരത്തെ ഉപയോഗിക്കരുതെന്ന നിർബന്ധം തങ്ങൾക്കുണ്ടായിരുന്നുവെന്നും വളരെ ഓർഗാനിക് ആയാണ് കഥാപാത്രം ഇത്തരത്തിൽ വളർന്നതെന്നും ഒരു അഭിമുഖത്തിൽ ബേസിൽ കൂട്ടിച്ചേർത്തു.
The post ‘അതിരടി’ നാളെ തിയേറ്ററുകളിലേക്ക്; വില്ലനായി ടൊവിനോ എത്തിയത് ഇങ്ങനെ; വെളിപ്പെടുത്തി ബേസിൽ ജോസഫ് appeared first on Express Kerala.









