
സിപിഐഎം സംസ്ഥാന സമിതിയിൽ പി കെ ശ്യാമളയുടെ തളിപ്പറമ്പ് സ്ഥാനാർഥിത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഈ തീരുമാനം കണ്ണൂരിന് പുറത്തും പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് സംസ്ഥാന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്. കണ്ണൂരിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേർ വിഷയത്തിൽ അസന്തോഷം രേഖപ്പെടുത്തി.
ചർച്ചയ്ക്കിടെ ഉയർന്ന വിമർശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ട്. തളിപ്പറമ്പിൽ എടുത്ത സ്ഥാനാർഥിത്വ തീരുമാനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും, പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ ശക്തമായി പ്രതിരോധിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമാണ് പ്രധാന വിമർശനം. ടി കെ ഗോവിന്ദൻ പാർട്ടിക്കെതിരെ മത്സരിച്ച സാഹചര്യവും തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിച്ചു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ട തളിപ്പറമ്പിൽ പാർട്ടിക്ക് പരാജയം നേരിട്ടത് വലിയ രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
Also Read: ചെന്നിത്തലയെ ‘റാഞ്ചാൻ’ ബി.ജെ.പി നീക്കം, കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി പദം വാഗ്ദാനം?
വോട്ടെണ്ണലിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ടി കെ ഗോവിന്ദൻ അട്ടിമറി വിജയം സ്വന്തമാക്കിയത്. 90,353 വോട്ടുകൾ നേടിയ അദ്ദേഹം 12,627 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പി കെ ശ്യാമളയ്ക്ക് 77,726 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബന്ധുത്വം പരിഗണിച്ചല്ല പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്നാണ് സിപിഐഎം നേതൃത്വം വിശദീകരിച്ചിരുന്നത്. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പാർട്ടിയുടെ ഉറച്ച കോട്ടയിൽ പോലും സ്വാധീനം കുറഞ്ഞുവെന്ന വിലയിരുത്തലാണ് ശക്തമായത്.
The post പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് ദോഷമായി; സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം appeared first on Express Kerala.







